മുംബൈ ∙ വേനൽച്ചൂടിനിടെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ. ഇന്നലെ രാവിലെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഓഫിസുകളിലേക്ക് ഇറങ്ങുന്ന സമയത്ത് പെയ്ത കനത്ത വേനൽമഴയിൽ പലരും നനഞ്ഞുകുളിച്ചു. റോഡുകളിൽ ഗതാഗതവും മന്ദഗതിയിലായി. ചെമ്പൂർ –സിഎസ്എംടി പാതയിൽ സിഗ്‌നൽ പ്രശ്നത്തെ തുടർന്ന് ലോക്കൽ ട്രെയിനുകൾ വൈകിയതോടെ പലരുടെയും യാത്രയും ദുരിതത്തിലായി.
പതിവായി ട്രെയിനുകളിൽ പോകുന്നവർ ഊബർ, ഓല അടക്കമുള്ള സൗകര്യങ്ങൾ തേടിയെങ്കിലും പെട്ടെന്നു ബുക്കിങ് തിരക്കു കൂടിയതോടെ അവ കിട്ടാതെയും ജനംവലഞ്ഞു. ദക്ഷിണ മുംബൈ, കല്യാൺ, താനെ, അന്ധേരി, മീരാ ഭയന്ദർ, വസായ്–വിരാർ, നവിമുംബൈ ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. രാവിലെ 7നും 8നും ഇടയിൽ 20–25 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയതായി ബിഎംസി അധികൃതർ പറഞ്ഞു. മാർച്ചിൽ പെയ്ത അസാധാരണ മഴയ്ക്ക് അറബിക്കടലിൽ നിന്നുള്ള ഈർപ്പവും പടിഞ്ഞാറൻ കാറ്റുമാണ് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
∙ മഴയെ തുടർന്ന് കത്തുന്ന ചൂടിൽ നിന്ന് മോചനം ലഭിച്ചതിനൊപ്പം വായുനിലവാരവും മെച്ചപ്പെട്ടു. നവംബർ മുതൽ മോശം ഗണത്തിലോ, ഏറ്റവും മോശം ഗണത്തിലോ ആയിരുന്ന വായുനിലവാരം മികച്ച നിലയിലേക്ക് എത്തിയതോടെ ആശ്വാസത്തോടെ ശ്വസിക്കാൻ നഗരവാസികൾക്ക് സാധിക്കും.
ഇന്നും നാളെയും മഴയ്ക്ക് സാധ്യത
ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 30, 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.