ഗുഢി പാഡ്‌വ മനംനിറച്ച് ആഘോഷപ്പൊലിമ...
Mail This Article
മുംബൈ ∙ പുതുവർഷമായ ഗുഢി പാഡ്‌വയെ ആഘോഷത്തോടെ വരവേറ്റ് മഹാരാഷ്ട്രീയർ. പാഡ്‌വ ദിനത്തിലെ ഓരോ നിമിഷവും ശുഭമായി കരുതി, വീടിനു മുന്നിൽ ഗുഢി സ്ഥാപിച്ചും വീടുകൾ അലങ്കരിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഒത്തുകൂടിയുമാണ് പലരും പുതുവർഷം ആഘോഷമാക്കിയത്. പുതിയ സംരംഭങ്ങൾ തുടങ്ങാനും വീടും വാഹനങ്ങളും ആഭരണങ്ങളും വാങ്ങാനുമെല്ലാം ശുഭകരമാണ് ഇൗ ദിനമെന്നാണ് വിശ്വാസം.
എല്ലാ മേഖലകളിലും ഒട്ടേറെ ഓഫറുകൾ നിലവിലുണ്ടായിരുന്നതിനാൽ വിപണിയിലുടനീളം തിരക്ക് ദൃശ്യമായി. വീടിനു മുൻപിൽ മുകളിലായി സ്ഥാപിക്കുന്ന ഗുഢികൾ , ചെറിയ മുളക്കമ്പിൽ കമിഴ്ത്തിവച്ച അലങ്കരിച്ച ചെറുകുടങ്ങളുടെ രൂപത്തിലാണ് ഒരുക്കുക. വർണത്തുണികളും മാവ്, ആര്യവേപ്പ് എന്നിവയുടെ ഇലകളും കൊണ്ടാണ് ചെറുകുടങ്ങൾ അലങ്കരിക്കുക. ഐശ്വര്യമുള്ള പുതുവർഷത്തെ വരവേൽക്കാനാണിത്.
കർഷകർക്കിത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. മുംബൈയിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലും പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പെടെയുള്ള സംഘങ്ങൾ ഘോഷയാത്ര നടത്തി. താനെയിൽ നടത്തിയ ആഘോഷങ്ങളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പങ്കെടുത്തു.