നാട്ടുകാരുടെ കെണിയിൽ പുള്ളിപ്പുലി കുടുങ്ങി; പിന്നാലെ പുലിവാല്...
Mail This Article
മീരാഭയന്ദർ ∙ നഗരത്തിലും സമീപപ്രദേശങ്ങളിലും പുള്ളിപ്പുലി ഇറങ്ങിയതിനു പിന്നാലെ മീരാഭയന്ദറിലെ ഉത്തനിൽ നാട്ടുകാർ വച്ച കെണിയിൽ ഒരു പുള്ളിപ്പുലി കുടുങ്ങി. അതേസമയം, കെണി സ്ഥാപിച്ച നാട്ടുകാർക്കെതിരെ വനംവകുപ്പ് കേസെടുക്കും.ജനവാസമേഖലയിലെ സിസിടിവികളിൽ പുലിയെ പലവട്ടം കണ്ടതോടെയാണ് നാട്ടുകാർ കെണിയൊരുക്കിയത്. മൂന്ന് വയസ്സുള്ള പെൺപുലിയാണ് അതിൽ അകപ്പെട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുലിയെ വന്യമൃഗ സംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിലേക്ക് കൊണ്ടുപോയി. വെറ്ററിനറി ഡോക്ടർ പരിശോധിച്ചതിന് ശേഷം തുറന്നുവിടും. സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിന്റെ സമീപപ്രദേശങ്ങളായ ഗോരെഗാവ്, അന്ധേരി, താനെ, കല്യാൺ ഭാഗങ്ങളിൽ പുള്ളിപ്പുലി ഇറങ്ങുക പതിവാണ്. നേരത്തേ ദിൻദോഷിയിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ മറ്റൊരു പുള്ളിപ്പുലിയും കുടുങ്ങിയിരുന്നു.