മുംബൈ∙ രാജ്യത്തെ ആദ്യ മോണോ റെയിൽ പദ്ധതിയായ ജേക്കബ് സർക്കിൾ-വഡാല-ചെമ്പൂർ പാതയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. പിന്നിടുന്ന സാമ്പത്തിക വർഷത്തിൽ (2022-23) മൊത്തം 36.36 ലക്ഷം പേർ മോണോ റെയിലിൽ യാത്ര ചെയ്തു. ഇത് കഴിഞ്ഞ 6 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. മോണോ റെയിൽ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണെന്നു നടത്തിപ്പുകാരായ മുംബൈ മെട്രോപൊലീറ്റൻ റീജൻ ഡവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) അധികൃതർ അറിയിച്ചു.
നഗരത്തിൽ നിർമാണം പുരോഗമിക്കുന്ന മെട്രോ പാതകളുമായി മോണോ റെയിൽ പാതയെ ബന്ധിപ്പിക്കുന്നതോടെ യാത്രക്കാരുടെ ഒഴുക്ക് വീണ്ടും വർധിക്കും. നിർദിഷ്ട കൊളാബ-സീപ്സ് മെട്രോ-3 പദ്ധതിയുമായും ജേക്കബ് സർക്കിളിലെ മോണോ റെയിൽ റെയിൽ സ്റ്റേഷനെ ബന്ധിപ്പിക്കുന്ന നടപ്പാലം നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 300 മീറ്റർ നീളം വരുമിതിന്. ഇതിനു പുറമേ നിർദിഷ്ട വഡാല - കാസർവഡാവ്‌ലി മെട്രോ 4 പാതയെ ഭക്തി പാർക്കിലെ മോണോ റെയിൽ സ്റ്റേഷനുമായി 215 മീറ്റർ നീളമുള്ള നടപ്പാലം വഴി ബന്ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. നിലവിലുള്ള റെയിൽവേ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന നടപ്പാലങ്ങൾ നിർമിക്കും.
വരും, 5 മിനിറ്റിൽ ട്രെയിൻ
2014 ഫെബ്രുവരിയിൽ മധ്യ മുംബൈയിലെ വഡാലയിൽ നിന്ന് കിഴക്ക് ചെമ്പൂർ വരെയാണ് മോണോ റെയിൽ സർവീസ് ആരംഭിച്ചത്. പിന്നീട് ദക്ഷിണ മുംബൈയിലെ ജേക്കബ് സർക്കിൾ വരെ നീട്ടി. നിലവിൽ ജേക്കബ് സർക്കിൾ മുതൽ ചെമ്പൂർ വരെയുള്ള 20 കിലോമീറ്റർ പാതയിൽ 18 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 118 സർവീസുകളാണ് നടത്തുന്നത്. 6 റേക്കുകൾ ആണ് സർവീസിന് ഉപയോഗിക്കുന്നത്.
ഏതെങ്കിലും റേക്കിന് അറ്റകുറ്റപ്പണി വേണ്ടി വന്നാൽ പകരം ഉപയോഗിക്കാൻ 2 റേക്ക് വേറെ കരുതിയിട്ടുണ്ട്. 2017 നവംബറിൽ മോണോ റെയിലിൽ ഉണ്ടായ അഗ്നിബാധയെ തുടർന്ന് 10 മാസം സർവീസ് നിർത്തിവച്ചിരുന്നു. പിന്നീട് 2018 സെപ്റ്റംബറിലാണ് സർവീസുകൾ പുനരാരംഭിച്ചത്. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ 10 റേക്കുകൾക്കു കൂടി ഓർഡർ നൽകിയിട്ടുണ്ടെന്ന് എംഎംആർഡിഎ അറിയിച്ചു. ഈ വർഷം തന്നെ ഇവ ലഭ്യമാകും. പുതിയ റേക്കുകൾ വരുന്നതോടെ 5 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 250 സർവീസുകൾ നടത്താനാണ് ഉദ്ദേശ്യം.