വസായ് ∙ വസായ് ക്രീക്കിന് കുറുകെ നിർമിച്ച വെർസോവ പാലം തുറന്നതോടെ മുംബൈ– അഹമ്മദാബാദ് ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ശമനമായി. നഗരത്തിൽ നിന്ന് വാപി, വൽസാഡ്, സൂറത്ത്, അഹമ്മദാബാദ് എന്നീ മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കുന്നതാണ് പുതിയ പാലം. കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
മുംബൈ, താനെ എന്നിവിടങ്ങളിലേക്കും തിരികെ വസായ്, പാൽഘർ, ഗുജറാത്ത് മേഖലയിലേക്കമുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഇവിടെ ഗതാഗതക്കുരുക്കിൽപെടുന്നത് പതിവായിരുന്നു. നാലുവരി പാത അടങ്ങുന്ന പാലത്തിന് 918 മീറ്ററാണ് നീളം. 1.33 കിലോമീറ്റർ അപ്രോച്ച് റോഡുണ്ട്. 2018ൽ നാഷനൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ നിർമാണം ആരംഭിച്ചു. 247 കോടി രൂപയാണ് നിർമാണച്ചെലവ്.
പ്രതീക്ഷയോടെ വ്യാപാരകേന്ദ്രങ്ങളും: കമറു സമാൻ, ധാബ ഉടമ
‘പഴയപാലം പലതവണകളായി 23 മാസത്തോളം അറ്റകുറ്റപ്പണികൾക്കായി അടച്ചതു കാരണം പലപ്പോഴും രണ്ടു മണിക്കൂറോളം നീണ്ട ഗതാഗതസ്തംഭനം അനുഭവിച്ചിരുന്നു. കുരുക്കിൽപെട്ട് യാത്രക്കാർ ദുരിതത്തിലാകുന്നതും പതിവായിരുന്നു. പാലം തുറന്നതോടെ തിരക്കൊഴിയുമെന്നും ദേശീയപാതയോരത്തെ വ്യാപാരകേന്ദ്രങ്ങളിലും ഉണർവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.’