മുംബൈ ∙ മുംബൈ- പുണെ എക്സ്പ്രസ് പാതയിലെ ടോൾ നിരക്ക് ഒറ്റയടിക്ക് 18% വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാർ. അടുത്ത മാസം മുതൽ നിരക്ക് കൂട്ടാനുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷന്റെ (എംഎസ്ആർഡിസി) തീരുമാനം ഇരുനഗരങ്ങൾക്കിടയിലുള്ള യാത്രച്ചെലവ് വലിയ തോതിൽ വർധിക്കാൻ ഇടയാക്കുമെന്നതാണു യാത്രക്കാരുടെ ആശങ്ക. എംഎസ്ആർഡിസിയുടെ നയപ്രകാരം എല്ലാവർഷവും 6% വീതം ടോൾ വർധിപ്പിക്കാവുന്നതാണ്.
കഴിഞ്ഞ മൂന്നു വർഷവും വർധന വേണ്ടെന്ന് വച്ചതിനാലാണ് ഇപ്പോൾ ഒറ്റയടിക്കു ഭീമമായ തുക കൂട്ടാൻ തുനിയുന്നത്. പുതിയ നിരക്ക് പ്രകാരം അടുത്ത മാസം മുതൽ കാർ ഡ്രൈവർമാർ 320 രൂപ ടോൾ നൽകേണ്ടി വരും. നിലവിൽ 270 രൂപയാണ്. മിനി ബസിന് 420 രൂപ, ബസിന് 797 രൂപ എന്നിങ്ങനെയാണ് നിലവിലുള്ള ടോൾ നിരക്കുകൾ. ഇവയെല്ലാം 18% വർധിക്കും.
ടോൾ നിരക്ക് വർധിപ്പിച്ചാൽ റൂട്ടിലെ സ്വകാര്യ ലക്ഷ്വറി ബസുകളിലെ യാത്രാ നിരക്കു വർധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായേക്കുമെന്നു ലക്ഷ്വറി ബസ് ഉടമകളുടെ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 500-550 രൂപയാണ് മുംബൈയിൽ നിന്നു പുണെ വരെ ലക്ഷ്വറി ബസിലെ യാത്രാ നിരക്ക്. അതുപോലെ ടാക്സി യാത്രാ നിരക്കും കൂടാനിടയുണ്ട്.