പുണെ ∙ മുതിർന്ന നേതാവ് ഗിരീഷ് ബാപ്പട്ടിന്റെ വേർപാട് പുണെയിൽ ബിജെപിക്കു കനത്ത നഷ്ടമായി തീരുന്നു. എല്ലാവരെയും ഉൾക്കൊണ്ടും ചേർത്തുനിർത്തിയും പ്രവർത്തിച്ചിരുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ആർഎസ്എസിൽ നിന്നു തുടങ്ങി നാലു പതിറ്റാണ്ടിലേറെ നീണ്ട സജീവ പൊതുപ്രവർത്തനത്തിനിടെ പാർട്ടിയിലെ പുതുതലമുറയെ വാർത്തെടുക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു. എതിർചേരിയിലുള്ളവരുമായും നല്ല ബന്ധം പുലർത്തി.
പൊതുപ്രവർത്തനരംഗത്തുള്ളവർക്ക് ഗിരീഷ് ബാപ്പട്ടിന്റെ പ്രവർത്തനശൈലിയിൽ നിന്ന് ഒട്ടേറെ പഠിക്കാനുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളാൻ മനസ്സുള്ള, സംസ്കാര സമ്പന്നനായ നേതാവിനെയാണ് നഷ്ടമായതെന്ന് എൻസിപി നേതാവ് അജിത് പവാർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.