മുംബൈ ∙ മൺസൂണിന് മുൻപ് നഗരത്തിൽ 60 ഇടങ്ങളിൽ കൂടി കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കുമെന്ന് ബിഎംസി അറിയിച്ചു. ഓട്ടമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയായിരിക്കും ഇവ. ഇപ്പോഴുള്ള 60 എണ്ണത്തിനൊപ്പം പുതിയതായി 60 എണ്ണം കൂടി വരുന്നതോടെ നഗരപരിധിയിൽ ഓരോ 4 കിലോമീറ്ററിലെയും കാലാവസ്ഥാ വിവരങ്ങൾ ലഭിക്കും.
ലഭിക്കുന്ന വിവരങ്ങൾ ഓരോ 15 മിനിറ്റിലും ദുരന്തനിവാരണ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാക്കും. നഗരവാസികളിലേക്ക് ഏറ്റവും വേഗത്തിൽ വിവരങ്ങൾ എത്തിക്കുന്നതിനൊപ്പം കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നേരിടാനും അടിയന്തര ഇടപെടലുകൾ നടത്താനും പുതിയ സംവിധാനം സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു. ഇതിനായി 17.35 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്.