ADVERTISEMENT

മുംബൈ∙ നഗരത്തിൽ മെട്രോ 3 പദ്ധതിക്കായി റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ നീക്കം ചെയ്യാനുള്ള നടപടികൾക്കു തുടക്കം. കൊളാബയിൽ നിന്ന് ബാന്ദ്ര വഴി അന്ധേരിയിലെ സീപ്സിലേക്കുള്ള  പാതയാണ് മെട്രോ മൂന്ന്. പൂർണമായും ഭൂഗർഭ പാതയാണിത്. പാത നിർമാണം ഏതാണ്ട് പൂർത്തിയായിരിക്കേയാണ് ബാരിക്കേഡുൾ നീക്കുന്നത്.  മഴക്കാലത്തിനു മുൻപ്, മേയ് മാസത്തോടെ വിവിധ മേഖലകളിലെ ബാരിക്കേഡുകൾ നീക്കി റോഡ് പൂർവസ്ഥിതിയിൽ ആക്കാനാണു ശ്രമം. നഗരത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ഗതാഗക്കുരുക്ക് കുറയ്ക്കാൻ ഇതു സഹായിക്കും. 

റോഡുകളിൽ വാഹനങ്ങളുമായി ഇറങ്ങുന്നവരും ബസുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരുമാണ് ബാരിക്കേഡ് കെട്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾ മൂലം കൂടുതൽ ദുരിതം അനുഭവിച്ചിരുന്നത്. ഗതാഗതകുരുക്കിനൊപ്പം നിർമാണത്തെ തുടർന്നുള്ള പൊടിപടലങ്ങളും യാത്രക്കാരുടെ ശ്വാസം മുട്ടിക്കുന്നതിനിടെയാണ് ആശ്വാസവാർത്ത. ഒട്ടേറെയിടങ്ങളിൽ നടപ്പാതകളും ബാരിക്കേഡുകൾ കൊണ്ട് കെട്ടിയടച്ചിരുന്നു. അവയും നീക്കും. ബാരിക്കേഡുകൾ റോഡിന്റെ പകുതിയിലേറെ കയ്യേറിയിരിക്കുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വളവുകളിൽ പോലും ബാരിക്കേഡുകൾ സ്ഥാനം തെറ്റിയിരിക്കുന്നതും പതിവുകാഴ്ചയാണ്.

മെട്രോ പാതയ്ക്കായി കൊട്ടിയടച്ചതിൽ 17 മേഖലകളിലെ ബാരിക്കേഡുകളാണ് ആദ്യം നീക്കുക. ബികെസി, വിദ്യാനഗരി, ധാരാവി, ഹുതാത്മ ചൗക്ക്, കഫ് പരേ‍ഡ്, നിയമസഭാ മന്ദിരം, ചർച്ച് ഗേറ്റ്, സിഎസ്എംടി, മഹാലക്ഷ്മി, സിദ്ധിവിനായക് ക്ഷേത്രം, സാന്താക്രൂസ്, എയർപോർട്ട് ടെർമിനൽ 1, സഹാർ, മരോൾ നാക്ക, എംഐഡിസി, സീപ്സ് എന്നിവിടങ്ങളിലെ ബാരിക്കേഡുകളാണ് ഘട്ടം ഘട്ടമായി നീക്കുക. 

മെട്രോ 3

ദൈർഘ്യം : 33.5 കിലോമീറ്റർ. പൂർണമായും ഭൂഗർഭപാത. ആദ്യഘട്ടം ഡിസംബറോടെ ഉദ്ഘാടനം ചെയ്തേക്കും. ബികെസിയിൽ നിന്ന് കൊളാബയിലേക്കുള്ള രണ്ടാം ഘട്ടം അടുത്ത വർഷം പകുതിയോടെ തുറക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com