മുംബൈ∙ മീരാ ഭയന്ദർ, താനെ, ഭിവണ്ടി, ഡോംബിവ്‌ലി മേഖലകളെ ബന്ധിപ്പിച്ച് ജലഗതാഗത സംവിധാനം ആരംഭിക്കാൻ പദ്ധതി. വസായ് ക്രീക്ക്– ഉല്ലാസ് നദി എന്നിവയെ ബന്ധിപ്പിച്ചായിരിക്കും പുതിയ ജലപാത. ദേശീയ ജലപാത 53 ൽ പെടുന്നതാണ് ഈ റൂട്ട്. ഇതേ റൂട്ടിൽ വസായ്, കല്യാൺ, പാർസിക് നാഗ്‌ലബന്ദർ, ഗൈമുഖ് പ്രദേശങ്ങളും ഉൾപ്പെടും. മഹാരാഷ്ട്ര മാരിടൈം ബോർഡ് ആണ് പദ്ധതിക്കു മുൻകൈ എടുത്തിരിക്കുന്നത്. 2 വർഷത്തിനുള്ളിൽ സർവീസ് ആരംഭിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി 4 പുതിയ ബോട്ട് ജെട്ടികൾ നിർമിക്കും. ഭയന്ദർ, കോൽഷേഠ്, കൽഹേർ, ഡോംബിവ്‌ലി എന്നിവിടങ്ങളിൽ 96.4 കോടി രൂപ ചെലവിലാണ് പുതിയ ജെട്ടികൾ നിർമിക്കുന്നത്. സാഗർമാല പദ്ധതിയുടെ ഭാഗമായാണ് പുതിയ ജലപാത തുറക്കുന്നത്. പദ്ധതിയുടെ ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കും. റോഡിലും ട്രെയിനിനും തിരക്കു കൂടുന്ന സാഹചര്യത്തിലാണ് ജലഗതാഗത പാതകളിലേക്ക് സർക്കാർ ശ്രദ്ധ തിരിക്കുന്നത്.
ബേലാപുർ വാട്ടർ ടാക്സി പ്രതിസന്ധിയിൽ
ബേലാപുരിൽ നിന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് ആരംഭിച്ച വാട്ടർടാക്സിക്ക് യാത്രക്കാരുടെ തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഉയർന്ന ടിക്കറ്റ് ചാർജാണ് ആളുകളെ വിട്ടു നിൽക്കാൻ പ്രേരിപ്പിക്കുന്നത്. കടലിലൂടെ യാത്ര ചെയ്യാം എന്നുള്ളത് മാത്രമാണ് നേട്ടം. പ്രതീക്ഷിച്ച യാത്രക്കാരില്ലാതെ വന്നതോടെ പല ദിവസങ്ങളിലും സർവീസ് മുടങ്ങുകയും ചെയ്തു. അതേ സമയം ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് അലിബാഗിലെ മാണ്ഡവയിലേക്ക് നടത്തുന്ന ബോട്ട് സർവീസിന് മികച്ച പ്രതികരണമാണ് നേടുന്നത്. വിനോദ സഞ്ചാരികളാണ് കൂടുതലായി ഈ സർവീസിനെ ആശ്രയിക്കുന്നത്.