ADVERTISEMENT

മുംബൈ∙ബെസ്റ്റ് ബസ് യാത്രയ്ക്കിടെ ഹൃദയസ്തംഭനം സംഭവിച്ചാൽ ഇനി ഭയപ്പെടേണ്ട; ബസ് ജീവനക്കാർ രക്ഷയ്ക്കെത്തും. അയ്യായിരത്തോളം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സിപിആർ പരിശീലനം നൽകാൻ ഒരുങ്ങുകയാണ് ബെസ്റ്റ്. ജസ്‌ലോക് ആശുപത്രിയുടെ സഹകരണത്തോടെയുള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. കുഴഞ്ഞുവീഴുമ്പോൾ എന്തുചെയ്യണമെന്നറിയാതെ ആളുകൾ അമ്പരന്നു നിൽക്കുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള പരിശീലനം ലഭിച്ചവരുടെ ഇടപെടൽ പലരുടെയും ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം 35 ലക്ഷം പേർ ബെസ്റ്റ് ബസുകളിൽ യാത്ര ചെയ്യുന്നുണ്ട്.

ജീവൻ രക്ഷിക്കും സിപിആർ

ഒരാൾ കുഴഞ്ഞുവീണതായി കണ്ടാൽ ഉടൻതന്നെ പൾസും ശ്വാസോച്ഛ്വാസവും ഉണ്ടോയെന്ന് പരിശോധിക്കുക. ഇവ ഇല്ലെന്ന് കണ്ടാൽ എത്രയും വേഗം സിപിആർ ആരംഭിക്കണം. ഹൃദയസ്തംഭനം സംഭവിക്കുന്ന കേസുകളിൽ 3 മിനിറ്റിൽ കൂടുതൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് അപകടകരമാണ് എന്നതിനാലാണ് സിപിആറിന്റെ പ്രാധാന്യം. ഒരാൾക്കു ഹൃദയസ്തംഭനം സംഭവിച്ച കേസിൽ ആശുപത്രിയിലേക്കുള്ള മാർഗമധ്യേ കാറിൽ വച്ച് ദീർഘനേരം സിപിആർ നൽകി ജീവൻ രക്ഷിച്ച വ്യക്തിപരമായ അനുഭവം ഓർമയിലുണ്ട്.

ഡോ. തോമസ് കോശി, ഹോളി ട്രിനിറ്റി ഹോസ്പിറ്റൽ, മുളുണ്ട്

എന്താണ് സിപിആർ ?

ഹൃദയം നിലച്ച് പോകുന്ന ആദ്യ നിമിഷങ്ങളിൽ ഹൃദയമിടിപ്പ് തിരികെയെത്തിക്കാനുളള മാർഗമാണ് കാർ‍ഡിയോ പൾമണറി റെസസിറ്റേഷൻ അഥവാ സിപിആർ. ഒരാൾക്കു പെട്ടെന്ന് ഹൃദയസ്തംഭനം സംഭവിക്കുന്ന ഘട്ടത്തിൽ സിപിആർ നൽകുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. കൈകൊണ്ട് കുറഞ്ഞത് 30 തവണയെങ്കിലും നെഞ്ചിൽ ശക്തമായി അമർത്തി തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം നിലനിർത്തുന്നതും വായിലൂടെ കൃത്രിമ ശ്വാസം നൽകുന്നതും സിപിആറിൽ ഉൾപ്പെടുന്നു.

അമൃത ഫഡ്‌നാവിസ് ബ്രാൻഡ്  അംബാസഡർ 

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് ആണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ. ആക്സിസ് ബാങ്ക് വൈസ് പ്രസിഡന്റായ അമൃത ഗായിക, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തയായാണ്.ബെസ്റ്റിന്റെ 26 ബസ് ഡിപ്പോകളിൽ നാളെ മുതൽ പരിശീലനം ആരംഭിക്കും. ബെസ്റ്റ് ബസ് ജീവനക്കാർ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞാൽ മുംബൈ പൊലീസ്, ടാക്സി, ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർക്ക് സിപിആർ പരിശീലനം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com