മുംബൈ ∙ രണ്ടര വയസ്സിൽ നാനൂറോളം മൃഗങ്ങളുടെ പേരുകൾ പറഞ്ഞ് അദ്ഭുതം സൃഷ്ടിക്കുകയാണ് ഭാസ്കർ ബാല എന്ന കുരുന്ന്. പക്ഷികളെയും മൃഗങ്ങളെയും കൗതുകത്തോടെ നോക്കിനിൽക്കേണ്ട പ്രായത്തിൽ അവയെ പേരുചൊല്ലി വിളിച്ചാണു ഭാസ്കർ താരമായത്. ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ സൂപ്പർ ടാലന്റ് കിഡ് പദവിക്കൊപ്പം കലാംസ് വേൾഡ് ഓഫ് റെക്കോർഡ്സ് അംഗീകാരവും ഈ മിടുക്കനെ തേടിയെത്തി.
85 രാജ്യങ്ങളുടെ ദേശീയ മൃഗങ്ങളുടെ പേരുകൾ, 35 തരം ദിനോസറുകൾ, അൻപതിൽ അധികം സസ്തനികൾ എന്നിവയുടെ ചിത്രങ്ങൾ കാണിച്ചാൽ ഭാസ്കർ തെറ്റാതെ പേരുകൾ പറയും. അക്ഷരമാല കാണിച്ചാൽ അതനുസരിച്ചും മൃഗങ്ങളുടെ പേര് പറയും. മുംബൈയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ എൻ.എച്ച്.ബാലശങ്കറിന്റെയും ശ്രേയയുടെയും മകനാണ്. ഒറ്റപ്പാലം സ്വദേശികളാണ് ഇവർ. ചെറുപ്രായത്തിൽ പുസ്തകങ്ങളിൽ മൃഗങ്ങളുടെ പടങ്ങൾ കാണുമ്പോൾ ഏറെ താൽപര്യത്തോടെ നോക്കിയിരുന്നതു ശ്രദ്ധയിൽപെട്ട് അമ്മ ശ്രേയ കൂടുതൽ പരിശീലനം നൽകിയതാണ് വഴിത്തിരിവായത്. ചിത്രരചനയിലും മിടുക്കനാണ് കൊച്ചുഭാസ്കർ.