ADVERTISEMENT

മുംബൈ ∙ ഏറെക്കാലമായി നിർമാണം ഇഴഞ്ഞുനീങ്ങുന്ന ബേലാപുർ– ഉറൻ പാതയുടെ ഉദ്ഘാടനം ഉടൻ ഉണ്ടായേക്കും. നിർമാണം പൂർത്തിയായിട്ടും ഉറനിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിക്കാത്തതിൽ പ്രദേശവാസികൾക്കിടെ പ്രതിഷേധം ശക്തമാകവേയാണ് നടപടികൾ മധ്യറെയിൽവേ വേഗത്തിലാക്കിയിരിക്കുന്നത്. 

സുരക്ഷാ പരിശോധനകളെല്ലാം മാർച്ചിൽ പൂർത്തിയാക്കിയ ശേഷവും ഉദ്ഘാടനം വൈകുകയായിരുന്നു. മലയാളികൾ ഏറെയുള്ള ഉൾവെ മേഖലയിലൂടെയാണ് ഉറനിലേക്കുള്ള ലോക്കൽ ട്രെയിൻ പാത. അതിനാൽ, ഉറനിലേക്ക് ലോക്കൽ ട്രെയിൻ ആരംഭിക്കുന്നത് ഉൾവെയിലെ ജനങ്ങളുടെയും യാത്രാദുരിതം കുറയ്ക്കാൻ സഹായിക്കും.

ഹാർബർ ലൈനിലെ ബേലാപുർ, നെരൂൾ സ്റ്റേഷനുകളിൽ നിന്ന് ഉൾവെയിലെ ഖാർകോപ്പർ വരെയാണ് നിലവിൽ ലോക്കൽ ട്രെയിനുള്ളത്. അവിടെ നിന്ന് ഉറനിലേക്ക് 14.6 കിലോമീറ്റർ പാത കൂടി തുറക്കുന്നതോടെ ബേലാപുർ– ഉറൻ പാതയുടെ ദൈർഘ്യം 27 കിലോമീറ്റർ ആകും. ഗാവൻപാഡ, ര‍ഞ്ജൻപാഡ, നവസേവ, ദ്രോണഗിരി, ഉറൻ സ്റ്റേഷനുകളാണ് ഇനി ഉദ്ഘാടനം ചെയ്യാനുള്ളത്. 

നിർദിഷ്ട നവിമുംബൈ വിമാനത്താവളം, ജെഎൻപിടി തുറമുഖമേഖല എന്നിവയെ ബന്ധിപ്പിച്ച് കടന്നുപോകുന്നതാണ് േബലാപുർ– ഉറൻ പാത. അതിനാൽ തന്നെ, തുറമുഖത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേർക്ക് പ്രയോജനപ്പെടുന്ന പാതയാണിത്. വികസിച്ചുവരുന്ന ദ്രോണഗിരിയിലേക്കുള്ള യാത്രയും പാത തുറക്കുന്നതോടെ എളുപ്പമാകും. 

ഹാർബർ ലൈനിൽ നിന്ന് ഉൾവെ മേഖലയിലേക്ക് നിലവിൽ ഒരു മണിക്കൂർ ഇടവേളയിലാണ് ലോക്കൽ ട്രെയിനുകൾ ഓടുന്നത്. ബേലാപുരിൽ രാത്രി 9.32നാണ് അവസാന ട്രെയിൻ. പിന്നെ നെരൂളിൽ നിന്നുള്ള ബസുകളെ ആശ്രയിക്കണം. ബേലാപുരിൽ നിന്ന് ഉറനിലേക്ക് ലോക്കൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഉൾവെ മേഖലയിൽ മലയാളികൾ അടക്കം നേരിടുന്ന യാത്രാപ്രശ്നത്തിനും അറുതിയാകും. നിലവിൽ, ഉൾവെയിലേക്കുള്ള അവസാന ട്രെയിൻ രാത്രി 10നു മുൻപ് പോകുന്നതിനാൽ ബികെസി, അന്ധേരി അടക്കം നഗരത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ജോലികഴിഞ്ഞ് മടങ്ങുന്നവർ വീടെത്താൻ വലയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com