മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാർ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി. എൻസിപി ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിയെ താഴെയിറക്കി ബിജെപിയുമായി കൈകോർത്ത് സർക്കാർ രൂപീകരിച്ച ഷിൻഡെയെ അതിനു ശേഷം ആദ്യമായാണ് പവാർ സന്ദർശിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
പവാറിന്റെ അപ്രതീക്ഷിത സന്ദർശനം രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയായി. കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്തെന്ന് ഇരുനേതാക്കളും വിശദീകരിച്ചില്ല. എൻസിപി നേതാക്കൾക്കു നേരെ കേന്ദ്ര ഏജൻസികൾ എടുത്തിട്ടുള്ള കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഷിൻഡെ മന്ത്രിസഭ വികസിപ്പിക്കാത്തതും കൂടിക്കാഴ്ചയിൽ ചർച്ച ആയെന്നാണ് വിവരം. പവാർ തന്നെ സന്ദർശിച്ചെന്നും ആശംസകൾ കൈമാറിയെന്നും വിഡിയോ സഹിതം ഷിൻഡെ ട്വിറ്ററിൽ കുറിച്ചു.