4 വർഷം; അപകടങ്ങളിൽ മരിച്ച കാൽനടയാത്രികർ 10,600

road-accidet-mum
SHARE

മുംബൈ ∙ കാൽനടക്കാർ ശ്രദ്ധിക്കുക! സംസ്ഥാനത്ത് കഴിഞ്ഞ 4 വർഷത്തിനിടെ വാഹനാപകടങ്ങളിൽ മരണമടഞ്ഞത് പതിനായിരത്തിലേറെ കാൽനടക്കാർ. 2019നും 2022നും ഇടയിൽ 49,172 അപകടങ്ങളിൽ 53,109 പേരാണ് മരണമടഞ്ഞത്. അതിന്റെ 20 ശതമാനവും കാൽനടക്കാരാണ്–10,600.  

റോഡരികിലൂടെ നടന്നുവരുന്നതിനിടെയാണ് ഇതിൽ കൂടുതൽ പേരെയും വാഹനങ്ങൾ തട്ടിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ഹൈവേകളിലും നഗരപ്രദേശങ്ങളിലും സുരക്ഷിതമല്ലാത്ത രീതിയിലുള്ള കവലകൾ ധാരാളം ഉണ്ടെന്നും റോഡിനെ കുറുകെ കടക്കുന്നതിനിടെ പലരും അപകടങ്ങൾക്കിരയായെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്.

പലപ്പോഴും വാഹനങ്ങളുടെ അമിതവേഗം കാൽനടക്കാരുടെ മരണത്തിനു കാരണമാകുന്നുണ്ട്. പല പുതിയ റോഡുകളിലും സീബ്രാലൈനുകൾ ഇല്ലെന്ന പരാതിയും നിലനിൽക്കുന്നു. ചിലരൊക്കെ അപകടത്തിൽപെട്ടത് വാഹനത്തിലേക്ക് കയറുന്നതിനിടെയാണ്.

നല്ല നടപ്പാതയില്ല; നടത്തം റോഡിൽ 

പല നഗരങ്ങളിലും കാൽനടക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഇല്ലെന്ന പരാതിയും വ്യാപകമാണ്. കല്ലും ടൈൽസും പാകിയിട്ടുള്ള നടപ്പാതകളിൽ അവ ഇളകിപ്പൊളിഞ്ഞ് കിടക്കുന്നതു പതിവു കാഴ്ചയാണ്. അത്തരം സാഹചര്യത്തിലാണ് പലരും റോഡിലേക്ക് ഇറങ്ങിനടക്കുന്നത്. അതല്ലാതെ, അശ്രദ്ധമായി റോഡിലൂടെ നടന്ന അപകടം ക്ഷണിച്ചുവരുത്തുന്നവരുമേറെയുണ്ട്. 

പുണെ നഗരത്തിൽ അപകടങ്ങളിൽപെട്ട് മരിക്കുന്നതിൽ 30 ശതമാനവും കാൽനടയാത്രക്കാരാണെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. റോഡിനു കുറുകെ കടക്കുന്നതിനിടെ പിന്നിൽ നിന്ന് വാഹനം ഇടിച്ച് വീഴ്ത്തുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

ഉടൻ ഒരുക്കും: ബിഎംസി

മുംബൈ നഗരത്തിൽ 9 മീറ്ററിൽ കൂടുതൽ വീതിയുള്ള എല്ലാ റോഡുകളുടെയും ഇരുവശങ്ങളിലും നടപ്പാതകൾ നിർമിക്കുമെന്ന് ബിഎംസി അധികൃതർ അറിയിച്ചു. നടപ്പാതകൾ ഇല്ലാത്ത എല്ലാ റോഡുകളിലും രാജ്യാന്തര നിലവാരത്തോടെ കാൽനടയാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കുമെന്നാണ് അവകാശവാദം. 

 പൊതുവഴികൾ കാൽനടയാത്രക്കാരന്റേതും

‘റോഡ് തങ്ങളുടെ മാത്രമാണെന്ന രീതിയിലാണ് പലരും വാഹനം ഓടിക്കുന്നത്. എന്നാൽ, ഇത് കാൽനടക്കാരുടേതു കൂടിയാണ്.  പലയിടങ്ങളിലും മെച്ചപ്പെട്ട നടപ്പാതകൾ ഇല്ല. അതിനാൽ, റോഡിന് അരികിലൂടെ നടക്കാതെ മാർഗമില്ല. ചില അപകടവാർത്തകൾ കാണുമ്പോൾ സങ്കടം വരും. വാഹനം നിർത്തി റോഡിലേക്ക് ഇറങ്ങുന്ന സമയത്ത് ഇടിച്ചിട്ട സംഭവങ്ങൾ വരെയുണ്ട്.’

-സൈമൺ ലൂക്കോസ്, ഭാണ്ഡൂപ്

കാൽനടയാത്രക്കാരൻ ബസ് ഇടിച്ച് മരിച്ചു

മുംബൈ ∙ ബെസ്റ്റ് ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കഫ് പരേഡിലെ ഭധ്‌വാർ പാർക്കിന് സമീപം ശനിയാഴ്ചയാണ് 49 വയസ്സുകാരനെ ബസിടിച്ച് തെറിപ്പിച്ചത്. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS