മുംബൈ ∙ വഴക്കിനെത്തുടർന്ന് സഹോദരൻ കുത്തിയ കത്തി കഴുത്തിലിരിക്കേ ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തിയ യുവാവ് കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ അദ്ഭുതകരമായി രക്ഷപ്പെട്ടു. നവിമുംബൈ നിവാസിയായ തേജസ് പാട്ടീലാണ് (32) അസാധാരണ മനക്കരുത്തുമായി മരണത്തെ മറികടന്നത്.
ശനിയാഴ്ച ഇളയ സഹോദരൻ മോനിഷാണ് മൂർച്ഛയേറിയ കത്തി ഉപയോഗിച്ച് തേജസിന്റെ കഴുത്തിൽ കുത്തിയത്. രക്തം വാർന്നൊഴുകിയതോടെ തേജസ് ബൈക്കെടുത്ത് പാഞ്ഞു. ഒരു കിലോമീറ്റർ ബൈക്ക് ഓടിച്ചാണ് ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയയിലൂടെ കത്തി നീക്കം ചെയ്ത ഡോക്ടർമാർ അടിയന്തര ചികിത്സയും നൽകി.
രക്തക്കുഴലുകൾക്ക് അടക്കം സാരമായി പരുക്കുണ്ട്. ന്യൂറോ സർജൻ, പ്ലാസ്റ്റിക് സർജൻ, കാർഡിയാക് സർജൻ എന്നിവരടക്കമുള്ള ഡോക്ടർമാരുടെ സംഘത്തിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ നാലു മണിക്കൂർ നീണ്ടു. അപകടനില തരണംചെയ്ത തേജസ് പാട്ടീലിന് ഏതാനും ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നു ഡോക്ടർമാർ പറഞ്ഞു.
സാൻപാഡ സെക്ടർ അഞ്ചിലെ വസതിയിൽ തേജസ് കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം. ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട തർക്കമാണ് കലഹത്തിനു കാരണം. ആക്രമണം നടത്തിയ മോനിഷ് പാട്ടീലിനും അയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും എതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്.