ADVERTISEMENT

മുംബൈ ∙ നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിന്റെ ആദ്യഘട്ടം അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചു. ‘ടെർമിനലിന്റെ നിർമാണപ്രവർത്തനങ്ങളും റൺവേയും കണ്ടു. ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ രണ്ട് റൺവേയും അനുബന്ധ സൗകര്യങ്ങളുമാണ് പൂർത്തിയാക്കുന്നത്. 3,700 മീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് ഈ റൺവേകൾക്കുള്ളത്.

ആദ്യഘട്ടത്തിൽ 2 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്’– നിർമാണപ്രവർത്തനം വിലയിരുത്താൻ വ്യോമനിരീക്ഷണം നടത്തിയതിനു ശേഷം ഇരുവരും അറിയിച്ചു. നിർമാണം മന്ദഗതിയിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സർക്കാരിന്റെ ഉറപ്പെത്തിയത്. എന്നാൽ ഒരു വശത്ത് ഇപ്പോഴും കുന്നിടിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതേയുള്ളൂ. 16,700 കോടി രൂപയുടേതാണ് പദ്ധതി. നടത്തിപ്പ് അദാനി  ഗ്രൂപ്പിനാണ്. 

ലക്ഷ്യമിട്ടിരുന്നത് 2022ൽ പൂർത്തീകരിക്കാൻ

2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നവിമുംബൈ വിമാനത്താവളത്തിന് തറക്കല്ലിട്ടത്. അന്ന് 2022ൽ പ്രവർത്തനസജ്ജമാക്കുമെന്നായിരുന്നു വാഗ്ദാനം. പ്രദേശവാസികളുടെ പ്രതിഷേധം കാരണം ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ വൈകിയതോടെ നിർമാണപ്രവർത്തനങ്ങളും ഇഴഞ്ഞു. 2021ലാണ് പദ്ധതി നടത്തിപ്പിലേക്ക് അദാനി ഗ്രൂപ്പ് എത്തുന്നത്.പിന്നീട്, 2022ൽ ഏറ്റെടുത്ത 2,860 ഏക്കർ ഭൂമി സിഡ്കോ അദാനി ഗ്രൂപ്പിന് കൈമാറി.

വിമാനത്താവളം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാൻ 15 വർഷം വേണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതി മുന്നിൽ കണ്ട് പൻവേൽ, ബേലാപുർ,വാശി, ഉൾവെ മേഖലകളിൽ വലിയ രീതിയിലുള്ള ഭൂമി ഇടപാടുകളും നടക്കുന്നുണ്ട്. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്, തീരദേശ റോഡ്, മെട്രോ എന്നിവയുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നതോടെ വലിയ യാത്രാസൗകര്യങ്ങളാണ് മേഖലയ്ക്ക് ലഭിക്കാൻ പോകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com