ADVERTISEMENT

മുംബൈ ∙ ഉഷ്ണം തുടരവെ നിർജലീകരണം, സൂര്യാഘാതം എന്നിവയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്തു കഴിഞ്ഞ 3 മാസത്തിനിടെ രണ്ടായിരത്തോളം പേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 767 കേസുകളായിരുന്നു. നിർജലീകരണം, വയറിളക്കം എന്നിവയുമായി ബന്ധപ്പെട്ട കേസുകളും എല്ലാ ആശുപത്രികളിലും വർധിച്ചിട്ടുണ്ട്. നിലവിൽ നഗരത്തിലെ കൂടിയ താപനില 34 ഡിഗ്രിയാണ്. എന്നാൽ അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കുന്നതിനാൽ കൂടുതൽ ഉഷ്ണം അനുഭവപ്പെടുന്നു. കൊടുംവേനലിൽ ശരീരോഷ്മാവ് അമിതമായി ഉയരുമ്പോഴാണ് സൂര്യാഘാതം സംഭവിക്കുന്നത്. ചിന്താക്കുഴപ്പം, അമിത വിയർപ്പ്, ഛർദി, ദ്രുതശ്വസനം, കഠിനമായ തലവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. അടിയന്തര പരിചരണമോ ചികിത്സയോ ലഭിച്ചില്ലെങ്കിൽ തലച്ചോറിനും ഹൃദയത്തിനും വൃക്കകൾക്കും പേശികൾക്കും കേടുപാടുകൾ സംഭവിച്ച് ഗുരുതരനിലയിലെത്താനും സാധ്യതയുണ്ട്.

കരുതലുറപ്പാക്കാം

1. നേരിയ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം. ഇരുണ്ട നിറങ്ങളേക്കാൾ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഉത്തമം.

2. ഉച്ചസമയത്തു പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. കുട്ടികളും മുതിർന്നവരും വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കാം.

3. വെയിലത്തു നടക്കേണ്ടതുണ്ടെങ്കിൽ സ്കാർഫോ തൊപ്പിയോ ഉപയോഗിക്കുക.

4. യാത്രയിൽ ഇലക്‌ട്രോലൈറ്റുള്ള പാനീയങ്ങളോ ശുദ്ധജലമോ കുടിക്കാം.

ഇളനീരിന് 60 രൂപ വരെ

വെയിൽ കടുത്തപ്പോൾ ഇളനീരിനും വില കൂടി. വലിയ കരിക്കിനു വില 60 രൂപ വരെയെത്തി. ഇതുവരെ 40-50 രൂപയ്ക്കു ലഭിച്ചിരുന്നതാണ്. പ്രധാനമായും പാൽഘർ, അലിബാഗ്, റായ്ഗഡ്, കർണാടക, എന്നിവിടങ്ങളിൽ നിന്നാണു മുംബൈയിലേക്ക് കരിക്ക് എത്തിക്കുന്നത്. കർണാടകയിലും മറ്റും‌‌‌‌ വില കൂടിയതിനാലാണ് തങ്ങളും വില കൂട്ടേണ്ടി വരുന്നതെന്ന് ഡോംഗ്രിയിലെ മൊത്തവ്യാപാരി കുഞ്ഞിമുഹമ്മദ് പറഞ്ഞു. വലുപ്പമനുസരിച്ചാണ് വിലയിടുക. ചെറിയ കരിക്കിന് 40 രൂപ, ഇടത്തരമുള്ളതിന് 50 രൂപ, വലുതിന് 60 രൂപ എന്നിങ്ങനെയാണ് ചില്ലറ വില.

ബിപർജോയ്: നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

മുംബൈ, കൊങ്കൺ മേഖലകളിൽ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ രൂപം കൊള്ളുന്ന ബിപർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമാണിത്. ഇന്നും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.

ഉൗർജമേകുന്നത് ജ്യൂസുകൾ: ജയ്സ് കുര്യൻ, മാധ്യമ പ്രവർത്തകൻ

‘വെയിലിന്റെ പൊള്ളലിനേക്കാൾ ഹ്യുമിഡിറ്റി മൂലമുള്ള ചൂടാണ് സഹിക്കാൻ പറ്റാത്തത്. യാത്രയ്ക്കിടെ കരിമ്പു ജ്യൂസോ മാംഗോ ജ്യൂസോ കുടിച്ചാണ് ക്ഷീണം മാറ്റുന്നത്.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com