മുംബൈ ∙ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് ഏതാണ്ട് സമാനമായ ക്രൂ വോയ്സ് ആൻഡ് വിഡിയോ റെക്കോർഡിങ് സിസ്റ്റം (സിവിവിആർഎസ്) എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികളുമായി പശ്ചിമ റെയിൽവേ. ഒഡീഷ ട്രെയിൻ ദുരന്തത്തിനു പിന്നാലെ, ട്രെയിൻ സർവീസുകൾ കൂടുതൽ സുരക്ഷിതമാക്കാനും സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നടപടി.
നിലവിൽ 16 ട്രെയിൻ എൻജിനുകളിൽ സിവിവിആർഎസ് സംവിധാനമുണ്ട്. 155 ട്രെയിനുകളിൽ ഇത് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി 650 ട്രെയിൻ എൻജിനുകളിലും ഇതു ഘടിപ്പിക്കും.
എന്താണ് സിവിവിആർഎസ് ?
ട്രെയിൻ സർവീസ് വേളയിൽ ലോക്കോ പൈലറ്റുമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും റെയിൽ പാതയിലെ സംഭവങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്ന സംവിധാനമാണ് സിവിവിആർഎസ്. എൻജിൻ കാബിന് അകത്തും പുറത്തും ഓഡിയോ, വിഡിയോ റെക്കോർഡിങ് സംവിധാനം ഒരുക്കി ലോക്കോ പൈലറ്റിന്റെ പ്രവർത്തനങ്ങളും പുറത്തുനിന്നുള്ള ദൃശ്യങ്ങളും ഒപ്പിയെടുത്തു നിരീക്ഷിക്കുന്ന വിധത്തിലാണ് ഇത് ഒരുക്കുക.
അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ എന്താണ് സംഭവിച്ചതെന്നു പെട്ടെന്നു മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് പശ്ചിമ റെയിൽവേ അധികൃതർ വ്യക്തമാക്കി.