ADVERTISEMENT

മുംബൈ ∙ ബിപോർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം മുംബൈയിലും സമീപപ്രദേശങ്ങളിലും ഇന്നും നാളെയും മഴയ്ക്കു സാധ്യത. മുംബൈയിൽ മഴ ശക്തമാകില്ലെങ്കിലും  അയൽജില്ലകളായ പാൽഘർ, റായ്ഗഡ്, താനെ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാകാൻ ഇടയുള്ളതിനാൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ നിർദേശിച്ചു.

പാൽഘർ, റായ്ഗഡ്, താനെ, രത്‌നഗിരി, സിന്ധുദുർഗ്, നാസിക്, അഹമ്മദ്നഗർ, പുണെ, കോലാപുർ, സത്താറ, സാംഗ്ലി, സോലാപുർ ജില്ലകളിൽ നാളെ വരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. റായ്ഗഡ് ജില്ലാ ഭരണകൂടം ഹെൽപ്‌ലൈൻ നമ്പറുകൾ പുറത്തിറക്കി. മത്സ്യത്തൊഴിലാളികൾ ഇന്നും നാളെയും കടലിൽ പോകരുതെന്നും ആവശ്യപ്പെട്ടു. നിലവിൽ കടലിലുള്ള മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങാനും  അഭ്യർഥിച്ചു.

ഉഷ്ണം കുറഞ്ഞു

കാലാവസ്ഥാ മാറ്റം കൊണ്ടു കടുത്ത ഉഷ്ണം അൽപം കുറഞ്ഞ ആശ്വാസത്തിലാണ് മുംബൈ നഗരവാസികൾ. ഇന്നലെ  ചിലയിടങ്ങളിൽ ചാറ്റൽമഴ ലഭിച്ചിരുന്നു. ശക്തമായ കാറ്റും അനുഭവപ്പെട്ടു. നഗരത്തിലെ കൂടിയ താപനില ഇന്നലെ 33 ഡിഗ്രിയായി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളിൽ 35-37 ഡിഗ്രി വരെ അനുഭവപ്പെട്ടിരുന്നു. ഈ ആഴ്ച 31 ഡിഗ്രി വരെ താഴുമെന്നാണ് പ്രവചനം.

റായ്ഗഡ് ജില്ലയിലെ ഹെൽപ്‌ലൈനുകൾ

∙  ജില്ലാ കൺട്രോൾ റൂം: 02141-222097

∙  ജില്ലാ പൊലീസ്  കൺട്രോൾ റൂം: 02141-228473

∙  റീജനൽ തുറമുഖ വകുപ്പ് കൺട്രോൾ റൂം:

      02141-222746

∙  പൻവേൽ: 022-27452399

∙  ഉറൺ : 022-27222352

∙  കർജത്:  02148-222037

∙  ഖലാപുർ-02192-275048

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com