ADVERTISEMENT

മുംബൈ ∙ നഗരത്തിൽ ഡെങ്കി, മലേറിയ രോഗം വർധിക്കുകയാണെന്ന് ബിഎംസിയുടെ ആരോഗ്യവിഭാഗം വിലയിരുത്തുന്നു. രണ്ടാഴ്ചക്കുള്ളിലാണ് വർധന പ്രകടമായത്. ആശുപത്രികളിൽ പ്രതിദിനം എത്തുന്ന രോഗികളിൽ 5 മുതൽ 10 പേർക്കു വരെ ഡെങ്കിപ്പനിയോ മലേറിയയോ സ്ഥിരീകരിക്കുന്നുണ്ടെന്നു ഡോക്ടർമാർ പറയുന്നു.

ചിലരുടെ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവായതിനാൽ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നുണ്ട്. കാലവർഷം വൈകുകയാണെങ്കിലും ഇടവിട്ടുള്ള മഴ,  കൊതുകുകളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനാലാണ് ഈ കുതിച്ചുചാട്ടമെന്നാണ് വിലയിരുത്തൽ. മഴ ശക്തമാകുന്നതോടെ കേസുകൾ ഇനിയും വർധിക്കാനാണ് സാധ്യത. ബിഎംസിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 6 മാസത്തിനിടെ നഗരത്തിൽ 500ലധികം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

സ്വയം ചികിത്സ ഒഴിവാക്കാം 

പനി, തലവേദന, പേശിവേദന, കണ്ണുകൾക്കു ചുവപ്പ്, ഛർദി, വയറിളക്കം എന്നീ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കുകയും നിർബന്ധമായും ഡോക്ടറെ സമീപിക്കുകയും ചെയ്യണമെന്ന് ബിഎംസി ആവശ്യപ്പെട്ടു.  ചികിത്സ വൈകുന്നത്  സ്ഥിതി ഗുരുതരമാകാൻ ഇടയാക്കാം എന്നതിനാലാണിത്. 

കൊതുകാണ് വില്ലൻ

നഗരത്തിലെ ഓവുകളിലും കെട്ടിടനിർമാണ സൈറ്റുകളിലെ വെള്ളക്കുഴികളിലും കൊതുകുപെരുകുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നതു ഡെങ്കി, മലേറിയ വ്യാപനത്തിനു കാരണമായിട്ടുണ്ട്. അതിനാൽ, ഓവുകളിൽ വെള്ളം കെട്ടിക്കിടക്കാൻ ഇടയാക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ബിഎംസി ഊർജിതമാക്കിയിട്ടുണ്ട്. കൊതുകു  പെരുകുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ തങ്ങളുടെ പരിസരത്ത് നിലനിർത്തിയതിനു 4,741 സ്ഥാപനങ്ങൾക്കു ബിഎംസി നോട്ടിസ് അയച്ചു.

ഇതിൽ പാർപ്പിട സമുച്ചയങ്ങളും ഉൾപ്പെടുന്നു. ഏകദേശം 4 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.  കൊതുകുകൾ പെരുകുന്നതു തടയാൻ താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നു ബിഎംസി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിശ്ചലമായ വെള്ളത്തിലാണു കൊതുക് ലാർവകൾ കഴിയുകയെന്നതിനാൽ വെള്ളം കെട്ടിക്കിടക്കാൻ ഇടയുള്ള ടിന്നുകൾ, തെർമോകോൾ ബോക്സുകൾ, ചിരട്ടകൾ, ടയറുകൾ തുടങ്ങിയ സാധനങ്ങൾ പരിസരങ്ങളിൽ നിന്നു നീക്കം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com