മുംബൈ ∙ നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന മുംബൈ മോണോ റെയിലിന്റെ ഭാവി തുലാസിലോ? രാജ്യത്തെ ആദ്യത്തെ മോണോ റെയിൽ എന്ന് കൊട്ടിഘോഷിച്ച് അവതരിപ്പിച്ച പദ്ധതിയാണ് പ്രതിസന്ധിയിലായിട്ടുള്ളത്. ഇൗ സാമ്പത്തികവർഷം മോണോ റെയിൽ 529 കോടി രൂപ നഷ്ടത്തിലാകുമെന്നാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 250 കോടി രൂപയായിരുന്നു നഷ്ടം.
കൃത്യമായ ആസൂത്രണമില്ലാതെ മോണോ റെയിൽ പദ്ധതി അവതരിപ്പിച്ചതാണ് ‘വെള്ളാന’യായി മാറാൻ കാരണം. ജനവാസം കുറഞ്ഞ മേഖലയിലൂടെയാണ് ആദ്യഘട്ടപാത കടന്നുപോകുന്നത്. ഹാർബർ ലൈനിനു സമാന്തരമായി ചെമ്പൂർ മുതൽ വഡാല വരെയായിരുന്നു ആദ്യഘട്ടപാത. ഇത് പിന്നീട് വഡാലയിൽ നിന്ന് ജേക്കബ് സർക്കിളിലേക്ക് നീട്ടിയതോടെ 20 കിലോമീറ്ററായി മോണോ റെയിൽ സർവീസ്. എന്നാൽ, സർവീസുകളുടെ എണ്ണം കൂട്ടാതെ വന്നതോടെ യാത്രക്കാർക്ക് കാര്യമായ പ്രയോജനമുണ്ടായില്ല. ഇതോടെ നഷ്ടം കൂടി.
സർവീസ് വർധിപ്പിക്കാനായി അടുത്തയിടെ കൂടുതൽ റേക്കുകൾ (ട്രെയിനുകൾ) ഓർഡർ ചെയ്യുകയും സ്റ്റേഷനുകളിൽ സൗകര്യമൊരുക്കാൻ വൻതോതിൽ തുക ചെലവഴിക്കുകയും ചെയ്തു. ഇതോടെ സാമ്പത്തികബാധ്യത ഇരട്ടിച്ചു. 10 പുതിയ റേക്കുകളാണ് ഓർഡർ ചെയ്തിരിക്കുന്നത്. നിലവിൽ 7 റേക്കുകളാണ് സർവീസ് നടത്തുന്നത്. പുതിയ റേക്കുകൾ എത്തുന്നതോടെ പ്രതിദിന സർവീസ് നിലവിലെ 118ൽ നിന്ന് 250 ട്രിപ്പുകളായി വർധിപ്പിക്കാനാകും. എന്നാൽ, യാത്രക്കാരുടെ എണ്ണം വർധിച്ചില്ലെങ്കിൽ പണം തിന്നുന്ന പദ്ധതിയായി മോണോ റെയിൽ മാറും.
2014ൽ ആദ്യഘട്ടപാത തുറന്ന മോണോ റെയിലിന്റെ രണ്ടാംഘട്ടം 2019ലാണ് ആരംഭിച്ചത്. പ്രതിദിനം ഒരു ലക്ഷം പേർ മോണോ റെയിലിൽ സഞ്ചരിക്കുമെന്നായിരുന്നു രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവേളയിൽ അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, കേവലം 12,000 പേർ മാത്രമാണ് നിലവിൽ പ്രതിദിനം മോണോ റെയിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 26 കോടി രൂപ വരുമാനമാണ് മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ അതോറിറ്റി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേവലം 7.5 കോടി രൂപ മാത്രമായിരുന്നു വരുമാനം.