ADVERTISEMENT

മുംബൈ ∙ 10 ദിവസത്തെ ഗണേശോത്സവം തുടങ്ങുന്ന ഇന്ന് നഗരം ഗണേശസ്തുതികളിലേക്ക് ഉണരും. മുംബൈയിൽ ആയിരത്തോളം സാർവജനിക് (പബ്ലിക്) ഗണേശ മണ്ഡലുകളുടെ പന്തലുകളിലേക്ക് ഗണേശ ദർശനത്തിന് ഇന്നുമുതൽ ഭക്തരുടെ ഒഴുക്ക് തുടങ്ങും. പരേലിലെ ലാൽബാഗ് ചാ രാജ, സയണിലെ ജിഎസ്ബി സേവാ മണ്ഡൽ, അന്ധേരി ആസാദ് നഗറിലെ അന്ധേരി ചാ രാജ, ഗിർഗാവിലെ ഗിർഗാവ് ചാ രാജ തുടങ്ങിയ വലിയ ഗണേശ പന്തലുകളിൽ തിരക്കേറും.

ഇതിനു പുറമേ വീടുകളിൽ പ്രതിഷ്ഠിക്കുന്ന ഗണേശ വിഗ്രഹങ്ങൾ ദർശിക്കാനും ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും ഉൾപ്പെടെ ഒട്ടേറെപ്പേർ യാത്ര ചെയ്യുമെന്നതിനാൽ റോഡുകളിലും ലോക്കൽ ട്രെയിനുകളിലും ഇന്നുമുതൽ തിരക്ക് കൂടും.ലിയ മണ്ഡലുകളിൽ ഭൂരിഭാഗവും കഴിഞ്ഞയാഴ്‌ച തന്നെ വിഗ്രഹങ്ങൾ ഘോഷയാത്രയായി പന്തലിൽ എത്തിച്ചിട്ടുണ്ടെങ്കിലും വീടുകളിൽ പ്രതിഷ്ഠിക്കാനുള്ള ഗണേശ വിഗ്രഹങ്ങളിൽ മിക്കവയും പാട്ടും നൃത്തവും ഭജനയുമൊക്കെയായി ഇന്നാകും കൊണ്ടുവരിക. 28നാണ് സമാപനം.

ഗണേശ വിഗ്രഹം 69 കിലോ സ്വർണത്തിൽ അലങ്കരിച്ച് ജിഎസ്ബി സേവാ മണ്ഡൽ

സയണിലെ ജിഎസ്ബി സേവാ മണ്ഡൽ 69 കിലോ സ്വർണവും 336 കിലോ വെള്ളിയും കൊണ്ടാണ് ഗണേശ വിഗ്രഹം അലങ്കരിച്ചത്. ഇതെല്ലാം ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ചതാണെന്ന് മണ്ഡലുകാർ അറിയിച്ചു. പന്തൽ 360.45 കോടി രൂപയ്ക്കു ഇൻഷുർ ചെയ്തിട്ടുണ്ട്. ദർശനത്തിനെത്തുന്നവരുടെ കൂടെ പരിരക്ഷ ഉറപ്പാക്കുന്നതാണു പോളിസി. ആയിരക്കണക്കിനാളുകൾ കടന്നുപോകുന്നതിനാൽ പ്രദേശത്ത് സിസിടിവി നിരീക്ഷണവുമുണ്ട്. ഇത് 69-ാം വർഷമാണ് ജിഎസ്ബി സേവാ മണ്ഡൽ ഗണേശ പന്തൽ ഒരുക്കുന്നത്.

പന്തലുകളിൽ ചന്ദ്രയാനും വന്ദേഭാരതും

വ്യത്യസ്ത തീമുകളിൽ പന്തലുകൾ ഒരുക്കിയും ഗണേശ മണ്ഡലുകൾ ശ്രദ്ധയാകർഷിക്കുന്നു. ചന്ദ്രയാൻ-3, അയോധ്യ രാമക്ഷേത്രം, ഛത്രപതി ശിവാജിയുടെ കിരീടധാരണച്ചടങ്ങ്, വന്ദേഭാരത് തുടങ്ങിയ മാതൃകകളിൽ ഒരുക്കിയ ഗണേശ പന്തലുകളുണ്ട്.

മെഗാബ്ലോക്ക് ഒഴിവാക്കും

ഗണേശോത്സവ ദിവസങ്ങളിൽ സബേർബൻ പാതകളിൽ മെഗാബ്ലോക്ക് ഉണ്ടായിരിക്കില്ലെന്ന് മധ്യറെയിൽവേ ഉറപ്പുനൽകിയതായി മുംബൈയുടെ ചുമതലയുള്ള മന്ത്രി മംഗൾ പ്രഭാത് ലോധ അറിയിച്ചു. ഗണേശ പന്തലുകളിലേക്കും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കുമായി ഒട്ടേറെപ്പേർ യാത്ര നടത്തുന്ന ദിവസങ്ങളിൽ ലോക്കൽ ട്രെയിൻ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ലോക്കൽ ട്രെയിൻ പാതകളിലെ അറ്റകുറ്റപ്പണികൾക്കായി പൊതുവേ ഞായറാഴ്ചയാണ് മെഗാബ്ലോക്ക് ഏർപ്പെടുത്താറുള്ളത്.

ടോളിലും ഇളവ്

ഒക്ടോബർ ഒന്നു വരെ കൊങ്കൺ മേഖലയിലേക്ക് പോകുന്ന വാഹനങ്ങൾ ഹൈവേകളിൽ ടോൾ നൽകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മുംബൈ- ബെംഗളൂരു ഹൈവേ, മുംബൈ- ഗോവ ഹൈവേ, പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള മറ്റ് റോഡുകൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. എംഎസ്ആർടിസി ബസുകളെ സംസ്ഥാനത്തുടനീളം ടോളിൽ നിന്ന് ഒഴിവാക്കി. അതോടൊപ്പം, മധ്യറെയിൽവേയും പശ്ചിമ റെയിൽവേയും കൊങ്കൺ മേഖലയിൽ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്.

ഉണർന്നു, വിപണിയും

മുംബൈയിലെയും നഗരപ്രാന്തങ്ങളിലെയും വ്യാപാര കേന്ദ്രങ്ങൾ ഗണേശോത്സവ തിരക്കിലമർന്നു. അലങ്കാര വസ്തുക്കളും പൂക്കളും പൂജാസാമഗ്രികളും വാങ്ങാൻ ദാദർ, ദക്ഷിണ മുംബൈയിലെ ക്രാഫോർഡ് മാർക്കറ്റ് തുടങ്ങിയ ഇടങ്ങളിലെ കടകളിൽ ജനം തിക്കിത്തിരക്കുന്നുണ്ട്. ഗണപതിക്ക് നിവേദ്യമർപ്പിക്കാനുള്ള ആമ്പൽ, താമര തുടങ്ങിയ പുഷ്പങ്ങൾ, വിവിധയിനം പഴങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ആവശ്യക്കാരെറെയാണ്. കഴിഞ്ഞ വർഷം കോവിഡ് ഭീഷണി ഒഴിഞ്ഞിരുന്നെങ്കിലും സാമ്പത്തിക മാന്ദ്യം കാരണം ഉത്സവങ്ങൾക്കു പ്രതീക്ഷിച്ച ഉണർവുണ്ടായിരുന്നില്ല.

ഉത്സവത്തിൽ പങ്കുചേർന്ന് മലയാളികളും

ഗണേശോത്സവം നഗരത്തിലെ പ്രവാസി മലയാളികളുടെയും ആഘോഷമാണ്. വീടുകളിൽ ഗണേശ പ്രതിഷ്ഠ നടത്തിയും ഗണേശ പന്തലുകളിൽ ദർശനം നടത്തിയും മലയാളികളും ഉത്സവത്തിൽ പങ്കുചേരും. വസായ് ഭബോള ചുൽനറോഡിലെ സംഗം അപ്പാർട്മെന്റിൽ 25 മലയാളി കുടുംബങ്ങൾ ചേർന്നാണ് ഗണേശ പന്തൽ ഒരുക്കുകയെന്ന് ഇവിടെ താമസിക്കുന്ന ചേർത്തല സ്വദേശി സെബാസ്റ്റ്യൻ പറഞ്ഞു. നാളെ വൈകിട്ട് ഘോഷയാത്രയായി ഗണപതി നിമജ്ജനം നടത്തും. മീരാഭായിന്ദറിലെ നിരവധി മലയാളി ഭവനങ്ങളിൽ ഗണപതിയെത്തിയെന്ന് പ്രദേശവാസിയായ കണ്ണൂർ സ്വദേശി നാരായണൻ നമ്പ്യാർ പറഞ്ഞു. പ്രദേശത്തെ സാർവജനിക് (പൊതു) ഗണേശോത്സവ കമ്മിറ്റികളിലും മലയാളികളുണ്ട്.

ജോലി ചെയ്യുന്ന താരാപുരിലെ യൂണിടെക് കമ്പനിയിൽ ഗണപതി ആരാധന മുടങ്ങാതെ നടക്കാറുണ്ടെന്ന് പാലക്കാട്, ചെർപ്പുളശ്ശേരി സ്വദേശി ബാബുരാജ് പറഞ്ഞു. പൂജകളും അന്നദാനവുമൊക്കെയുണ്ടാവും. ഗണേശോത്സവത്തിന്റെ മൂന്നാം നാൾ വൈകിട്ട് സ്ഥാപനത്തിലെ 400 ജീവനക്കാർ ചേർന്ന് വിഗ്രഹ നിമജ്ജനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com