മുംബൈ ∙ ഐഎസ് ബന്ധം ആരോപിച്ച് പുണെയിൽ നിന്ന് ജൂലൈയിൽ പിടികൂടിയ 2 യുവാക്കൾ മഹാരാഷ്ട്രയിൽ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. പുണെ കോണ്ട്‌വ മേഖലയിൽ നിന്നു പിടിയിലായ ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനിസ് സാകി എന്നിവരിൽ നിന്നു കണ്ടെത്തിയ വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും സ്ഫോടനങ്ങൾ നടത്താൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്നവയാണെന്നാണ് എൻഐഎയുടെ നിഗമനം. സൾഫർ പൗഡർ, സൾഫ്യൂരിക് ആസിഡ്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഫ്ലാസ്ക്, ഫ്ലാസ്ക് ട്യൂബ് തുടങ്ങിയവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.
പുണെ നഗരത്തിലുൾപ്പെടെ വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ സംഘം കൃത്യമായ ആസൂത്രണം നടന്നിരുന്നതായും എൻഐഎ കേന്ദ്രങ്ങൾ സൂചിപ്പിച്ചു. മുംബൈയിലെ ജൂത േകന്ദ്രമായ ചബ്ബാഡ് ഹൗസും ഇവരുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നെന്നാണ് സൂചനയെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കേരളം, കർണാടക, ഗോവ സംസ്ഥാനങ്ങളിലൂടെ സംഘം സഞ്ചരിച്ചിരുന്നു. ജൂലൈ 18ന് രാത്രി പുണെ നഗരത്തിൽ ബൈക്ക് മോഷണശ്രമത്തിനിടെ പൊലീസ് പട്രോളിങ് സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റു ബന്ധങ്ങൾ കണ്ടെത്തിയത്.