മോശം പെരുമാറ്റം: അധ്യാപികയെ പാചകക്കാരൻ ഷോക്കടിപ്പിച്ചു

Mail This Article
മുംബൈ ∙ തന്നോട് മോശമായി പെരുമാറിയതിനു സ്കൂൾ അധ്യാപികയെ ഷോക്കടിപ്പിച്ച് പാചകക്കാരൻ. അന്ധേരിയിലെ പാർപ്പിട സമുച്ചയത്തിലാണ് സംഭവം. ബാന്ദ്ര-കുർള കോംപ്ലക്‌സിലെ പ്രമുഖ സ്കൂളിൽ അധ്യാപികയായ ബെത്‌ഷേബ മോറിസിനാണ് (42) ഷോക്കേറ്റത്.
ഇവരുടെ വീട്ടിലെ പാചകക്കാരനായ രാജു സിങ്ങി(25)നെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച നടന്ന സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് കിടപ്പുമുറിയിൽ ഉറങ്ങുമ്പോഴാണ് പ്രതി ഇലക്ട്രിക് വയറുകൾ വച്ച് ഷോക്കടിപ്പിച്ചത്. ഒപ്പം മർദിക്കുകയും ചെയ്തു. ബെത്‌ഷേബയുടെ നിലവിളി കേട്ട് അടുത്ത മുറിയിലുണ്ടായിരുന്ന 11 വയസ്സുള്ള മകൻ ഓടിയെത്തിയെങ്കിലും മകനെ കൂടി ഉപദ്രവിക്കുമെന്ന് ഭയന്ന അവർ മകനോട് അടുത്ത മുറിയിൽ കയറി വാതിലടച്ചിരിക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ തുടർന്ന് ബെത്‌ഷേബയോട് മാപ്പു പറഞ്ഞ പാചകക്കാരൻ സ്ഥലം വിടുകയായിരുന്നു. തന്നെ ശകാരിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്യുന്നതിനാൽ ദേഷ്യം തോന്നിയതിനാലാണ് ഉപദ്രവിച്ചതെന്നായിരുന്നു ഏറ്റുപറച്ചിൽ. പാചകക്കാരൻ പോയെന്നു ഉറപ്പാക്കിയ ശേഷമാണ് ബെത്‌ഷേബ അയൽവാസികളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകിയത്.