ADVERTISEMENT

മുംബൈ ∙ ആഡംബര വിനോദസഞ്ചാര ട്രെയിൻ ഡെക്കാൻ ഒഡീസി വീണ്ടും മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചു. 7 രാത്രിയും 8 പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ പങ്കെടുക്കുന്നതിനായി നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത 25 യാത്രക്കാരെ വാദ്യമേളത്തിന്റെയും നൃത്തച്ചുവടുകളുകളുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) സ്റ്റേഷനിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. സഞ്ചരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലെന്ന് വിശേഷിപ്പിക്കാവുന്ന ഈ ആഡംബര ട്രെയിനിൽ 80 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളുള്ള മുറികളും ഇരിപ്പിടങ്ങളും, മിനി ബാർ, വിശാലമായ ഭക്ഷണശാല, വായനാമുറി, ജിം, സ്പാ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ട്രെയിനിലുണ്ട്. 

മഹാരാഷ്ട്രയുടെ പാരമ്പര്യം വിളിച്ചോതുന്ന ഇന്റീരിയറുകളാണെന്ന ഓരോ കോച്ചുകളിലെയും പ്രത്യേകത. മഹാരാഷ്ട്ര ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് ട്രെയിൻ സർവീസ് നടത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 6 ലക്ഷം രൂപയും കൂടിയത് 11 ലക്ഷം രൂപയുമാണ്. 2004ലാണ് ആദ്യസർവീസ് നടത്തിയത്. സിഎസ്എംടിയിൽ നിന്നാരംഭിക്കുന്ന ട്രെയിൻ വഡോദര, ജയ്പുർ, ഉദയ്പുർ, ആഗ്ര വഴിയാണ് ഡൽഹിയിലെത്തിച്ചേരുന്നത്. യാത്രക്കാർക്ക് അജന്ത എല്ലോറ ഗുഹകൾ സന്ദർശിക്കാനും യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ച മുംബൈയിലെ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ പറഞ്ഞുതരാൻ ട്രെയിനിനുള്ളിൽ ടൂറിസ്റ്റ് ഗൈഡുകളും ഒപ്പമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com