21 മണിക്കൂർ നീണ്ട് ലാൽബാഗ് ചാ രാജ മണ്ഡലിലെ വിഗ്രഹ ഘോഷയാത്ര; ആൾപ്പൂരമായി ഗണേശോത്സവം

Mail This Article
മുംബൈ∙ കോവിഡ് കാലത്തിനു ശേഷം ഏറ്റവും ജനപങ്കാളിത്തം കണ്ട ഗണേശോത്സവത്തിനു സമാപനം. വ്യാഴാഴ്ച അനന്ത് ചതുർദശിദിനത്തിൽ ലക്ഷക്കണക്കിനാളുകളാണ് നിമജ്ജന കേന്ദ്രങ്ങളിലെത്തിയത്. പുലർച്ചെ ആരംഭിച്ച നിമജ്ജന ഘോഷയാത്രകൾ രാത്രി വൈകിയും തുടർന്നു. 40,000ത്തോളം വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തുവെന്നാണ് ബിഎംസിയുടെ കണക്ക്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുളള രാഷ്ടീയക്കാരും ദർശനത്തിനെത്തിയതു വഴി ശ്രദ്ധേയമായ പരേലിലെ ലാൽബാഗ് ചാ രാജ മണ്ഡലിലെ ഗണേശ വിഗ്രഹത്തിന്റെ ഘോഷയാത്രയാണ് ഏറെ നീണ്ടത്.
വ്യാഴാഴ്ച രാവിലെ 11.30ന് ആരംഭിച്ച ഘോഷയാത്ര ഏതാണ്ട് 21 മണിക്കൂറിന് ശേഷം ഇന്നലെ രാവിലെ ഒൻപതോടെയാണ് ഗിർഗാവിലെ നിമജ്ജന സ്ഥലത്തെത്തിയത്. ആട്ടവും പാട്ടുമായി ആയിരക്കണക്കിനാളുകൾ ഘോഷയാത്രയിൽ പങ്കുചേർന്നു. ദാദർ, ജുഹു, ബാന്ദ്ര, മലാഡ് എന്നിവിടങ്ങളിലെ നിമജ്ജന കേന്ദ്രങ്ങളിലും വൻതിരക്ക് അനുഭവപ്പെട്ടു. സമാപന ദിവസത്തെ തിരക്ക് പരിഗണിച്ച് വൻസുരക്ഷാ ക്രമീകരണങ്ങൾ നഗരത്തിൽ ഒരുക്കിയിരുന്നു. മുംബൈ പൊലീസ് 19,000ത്തിലധികം ഉദ്യോഗസ്ഥരെയും ബിഎംസി 10,000ത്തിലധികം ഉദ്യോഗസ്ഥരെയുമാണ് നഗരത്തിൽ വിന്യസിച്ചത്. നിമജ്ജനം കഴിഞ്ഞ് മടങ്ങുന്നവർക്കായി മധ്യറെയിൽവേയും പശ്ചിമ റെയിൽവേയും 18 പ്രത്യേക ലോക്കലുകൾ ഏർപ്പെടുത്തിയിരുന്നു.
അപകടങ്ങളിൽ 13 മരണം
മുംബൈ ∙ ഗണേശോത്സവത്തിന്റെ അവസാനദിവസം മഹാരാഷ്ട്രയിൽ 13 പേർ വിവിധ അപകടങ്ങളിൽ മരിച്ചു. ഇതിൽ 9 പേർ നിമജ്ജനത്തിനിടെ മുങ്ങിമരിക്കുകയായിരുന്നു. നാസിക്, പാൽഘർ, റായ്ഗഡ്, രത്നഗിരി ജില്ലകളിലാണ് അപകടങ്ങൾ കൂടുതൽ റിപ്പോർട്ട് െചയ്തിരിക്കുന്നത്.
ഗണേശോത്സവത്തിനിടെ മുംബൈയിൽ 16 വയസ്സുകാരൻ ഇടിമിന്നലേറ്റു മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.15 ഓടെ ജുഹു ബീച്ചിലാണ് സംഭവം. ഹസൻ യൂസഫ് ഷെയ്ഖ് എന്നയാളാണ് മരിച്ചത്. കടലോരത്ത് മൃതദേഹം കണ്ടു ആദ്യം മുങ്ങിമരണമാണ് സംശയിച്ചതെങ്കിലും കൂപ്പർ ആശുപത്രിയിലെ ഡോക്ടർമാരാണ് മരണകാരണം സ്ഥിരീകരിച്ചത്.