ADVERTISEMENT

മലയാള മനോരമ വിദ്യാരംഭവേദിയിലേക്കു കുരുന്നുകളുമായി എത്തിയവരിൽ പലരും പങ്കുവച്ചത് നാട്ടിൽ എഴുത്തിനിരുത്തിനു പോയതിനു സമാനമായ വികാരമാണ്. ആചാരപരമായ പൊലിമ ഒട്ടും ചോരാതെ, വിജയദശമിയുടെ എല്ലാ വിശുദ്ധിയോടെയും ഒരുക്കിയ വേദിയിൽ മലയാളത്തിന്റെ പവിത്രമായ പാരമ്പര്യത്തിന്റെ വിരൽപിടിച്ച് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചപ്പോൾ മാതാപിതാക്കളുടെ മനസ്സും നിറ​ഞ്ഞു. പട്ടുപ്പാവടയണിഞ്ഞ് പെൺകുട്ടികൾ, കുട്ടിമുണ്ട് ഉടുത്ത് ആൺകുട്ടികൾ. ചിലർ തൊഴുകൈകളോടെ ഗുരുക്കന്മാർക്കു മുന്നിലെത്തി. ദക്ഷിണയേകി, ഗുരുക്കന്മാരെ വന്ദിച്ച് മടങ്ങുമ്പോൾ മധുരവും സമ്മാനങ്ങളും കുട്ടികളെ തേടിയെത്തി. മലയാളികൾക്കൊപ്പം ഇതര സംസ്ഥാനക്കാരും വിദ്യാരംഭത്തിനെത്തിയിരുന്നു.

മഹാരാഷ്ട്ര ഭവന വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി വൽസാ നായർ സിങ് എഴുത്തിനിരുത്തുന്നു.
മഹാരാഷ്ട്ര ഭവന വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി വൽസാ നായർ സിങ് എഴുത്തിനിരുത്തുന്നു.

‘കേരളത്തിൽ വിദ്യാരംഭത്തിന് എത്തിയതുപോലെയാണ് തോന്നിയത്. നല്ല അന്തരീക്ഷം. അനുഗ്രഹീതരായ ഗുരുക്കന്മാർ’ – മകൾ ശ്രീയയെ മനോരമയുടെ വേദിയിൽ എഴുത്തിനിരുത്താനെത്തിയ ശിവ്‌രി നിവാസി അരുൺകുമാർ പറഞ്ഞു. ഐടി ഉദ്യോഗസ്ഥനായ അരുൺ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ സുമിക്കും റെയിൽവേയിൽ നിന്നു വിരമിച്ച അച്ഛൻ സദാനന്ദനുമൊപ്പമാണ് വിദ്യാരംഭത്തിനെത്തിയത്. മറുനാട്ടിൽ വളരുന്ന മലയാളികളുടെ കുഞ്ഞുങ്ങളെ നമ്മുടെ പാരമ്പര്യത്തോട് ചേർത്തുനിർത്താൻ മനോരമ നടത്തുന്ന ശ്രമം പ്രശംസനീയമാണെന്ന് സദാനന്ദൻ പറഞ്ഞു.

‘നേരത്തേ സഹോദരിയുടെ മകളെ മനോരമയുടെ വേദിയിലാണ് എഴുത്തിനിരുത്തിയത്. ആ നല്ല ഓർമകളാണ് എന്റെ മകൾ ഐശ്വര്യയുടെയും വിദ്യാരംഭം ഇവിടെ നടത്താൻ പ്രേരണയായത്’ – എൻസിപി (അജിത്) യുവജനവിഭാഗം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ മലയാളി സോഹൻ സഹദേവന്റെ വാക്കുകൾ. എൻസിപി വിദ്യാർഥി വിഭാഗം മുംബൈ ഘടകം മുൻ പ്രസിഡന്റായിരുന്ന സോഹൻ താനെയിൽ ഹോട്ടൽ ബിസിനസ് നടത്തുകയാണ്. നാട്ടിലേതിനു തുല്യമായ അന്തരീക്ഷമായിരുന്നെന്നും ഹൃദ്യമായ അനുഭവമായിരുന്നു വിദ്യാരംഭമെന്നും മക്കളെ എഴുത്തിനിരുത്തിയ സഹോദരിമാർ അനീഷ നായരും ഹൃദ്യ നായരും പറഞ്ഞു. മഹാരാഷ്ട്രീയരായ കുരുന്നുകളും ആദ്യാക്ഷരം കുറിക്കാനെത്തിയിരുന്നു.

മലയാള മനോരമയുടെ നേതൃത്വത്തിൽ മുംബൈയിൽ നടത്തിയ വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിച്ച കുരുന്നുകൾ ഗുരുക്കന്മാരായ ആനന്ദ് നീലകണ്ഠനും വൽസാ നായർ സിങ്ങിനുമൊപ്പം.
മലയാള മനോരമയുടെ നേതൃത്വത്തിൽ മുംബൈയിൽ നടത്തിയ വിദ്യാരംഭത്തിൽ ആദ്യാക്ഷരം കുറിച്ച കുരുന്നുകൾ ഗുരുക്കന്മാരായ ആനന്ദ് നീലകണ്ഠനും വൽസാ നായർ സിങ്ങിനുമൊപ്പം.

അറിവിൻ ചെപ്പ് തുറന്ന്...
ഗുരുമുഖത്തു നിന്ന് ആദ്യാക്ഷര മധുരം നുകർന്ന കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് ചുവടുവച്ചു. അരിയിൽ ആദ്യം അക്ഷരങ്ങൾ കുറിച്ചു. പിന്നെ, നാവിൽ അമ്മ മലയാളത്തിന്റെ പുണ്യം എഴുതി. മുംബൈയിൽ മലയാള മനോരമ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ നഗരത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. ദാദർ ഹിന്ദു കോളനി പ്രചാര്യ വൈദ്യ സഭാഗൃഹിലായിരുന്നു വിദ്യാരംഭം. ഗുരുക്കന്മാരായ എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ, മഹാരാഷ്ട്ര ഭവന വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി വൽസാ നായർ സിങ് എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. ഗുരുക്കന്മാരും മലയാള മനോരമ മാർക്കറ്റിങ് ചീഫ് ജനറൽ മാനേജർ ശ്രീകുമാർ മേനോൻ, സെയിൽസ് ജനറൽ മാനേജർ ജോജി ഇൗപ്പൻ സഖറിയ എന്നിവരും ചേർന്ന് തിരി തെളിച്ചതോടെയാണ് വിദ്യാരംഭത്തിന് തുടക്കമായത്. കുരുന്നുകൾക്കു സമ്മാനങ്ങളും നൽകി. ‌ആദ്യാക്ഷരം കുറിക്കുന്ന ഫോട്ടോ പതിച്ച്, മലയാള മനോരമ ചീഫ് എഡിറ്റർ ഒപ്പിട്ട സർട്ടിഫിക്കറ്റ് പിന്നീട് വിതരണം ചെയ്യും. തീയതി പത്രത്തിലൂടെ അറിയിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com