ADVERTISEMENT

മുംബൈ ∙ സംസ്ഥാനത്തുടനീളം ഒഴിഞ്ഞുകിടക്കുന്ന 11,184 ഫ്ലാറ്റുകൾ വിറ്റൊഴിവാക്കാൻ മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി (മാഡ) പുതിയ നയം രൂപീകരിച്ചു. ഫ്ലാറ്റുകൾ വിലക്കിഴിവോടെ ഒന്നിച്ചു വിൽക്കുക, വാടകയ്ക്കു നൽകുക, വിൽപനയ്ക്കായി മറ്റൊരു ഏജൻസിക്ക് കൈമാറുക തുടങ്ങിയ സംവിധാനങ്ങളാണ് നയത്തിൽ ഉള്ളത്. മാഡയുടെ വിവിധ ഡിവിഷൻ ബോർഡുകൾക്ക് തങ്ങൾക്കു യോജിച്ച സംവിധാനം തിരഞ്ഞെടുക്കാം.

ഒന്നിച്ചെടുത്താൽ വിലക്കിഴിവ്!
നൂറോ അതിലധികമോ ഫ്ലാറ്റുകൾ ഒന്നിച്ചുവാങ്ങാൻ താൽപര്യമുള്ളവർക്ക് വിലക്കിഴിവോടെ ഫ്ലാറ്റുകൾ നൽകുന്നതാണ് നയത്തിലെ ഒരു നിർദേശം. സ്ഥാപനങ്ങൾക്കാണ് ഇത് കൂടുതൽ ഇണങ്ങുക. വ്യക്തികൾ, സർക്കാർ ജീവനക്കാർ, മാഡ ജീവനക്കാർ എന്നിവർക്കും അവസരം പ്രയോജനപ്പെടുത്താം. ഒരുമിച്ചുനിൽക്കണമെന്നു മാത്രം. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ വിറ്റൊഴിവാക്കാൻ മറ്റൊരു ഏജൻസിയെ നിയോഗിക്കുന്നതാണ് രണ്ടാമത്തെ സംവിധാനം. 

സ്വകാര്യ കമ്പനികൾ, സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിന്റെ വൻകിട പദ്ധതികൾ നടപ്പാക്കുന്ന കരാറുകാരുടെ ജീവനക്കാർ എന്നിവർക്ക് ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകുക എന്നതാണ് മൂന്നാമത്തെ സംവിധാനം. മൂന്നു വർഷ കാലാവധിക്കാണ് വാടകയ്ക്കു നൽകുക. കാലാവധി കഴിഞ്ഞാൽ മൂന്നു വർഷത്തേക്ക് കൂടി നീട്ടാം.

വിറ്റുപോകാത്ത ഫ്ലാറ്റ് ബാധ്യത
മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞനിരക്കിൽ സാധാരണക്കാർക്കു ഭവനം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാഡ പാർപ്പിടസമുച്ചയങ്ങൾ നിർമിക്കുന്നത്. കൂടുതൽ അപേക്ഷകർ ഉണ്ടാകുമെന്നതിനാൽ നറുക്കെടുപ്പ് നടത്തിയാണ് ഫ്ലാറ്റുകൾ വിതരണം ചെയ്യുക. എന്നാൽ ചിലയിടങ്ങളിൽ വിറ്റുപോകാത്ത ഫ്ലാറ്റുകൾ ശേഷിക്കുന്നത് മാഡയ്ക്കു ബാധ്യതയാണ്. 

സ്വകാര്യ കെട്ടിടനിർമാതാക്കളുടെ ഫ്ലാറ്റുകൾ തുല്യവിലയ്ക്ക് ലഭ്യമാവുക, ഫ്ലാറ്റുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വികസനമില്ലായ്മ തുടങ്ങിയ കാരണങ്ങളാലാണ് ഇവ വിറ്റുപോകാത്തത്. ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികൾ, നികുതി, വെള്ളം, വൈദ്യുതി ബില്ലുകൾ, എന്നിവയ്ക്കായി ലക്ഷക്കണക്കിന് രൂപയാണ് മാഡ ചെലവഴിക്കുന്നത്. ഈ ഫ്ലാറ്റുകൾ വിറ്റൊഴിവാക്കി പുതിയ കെട്ടിടനിർമാണ പദ്ധതികൾക്കായി പണം കണ്ടെത്തുകയാണ് പുതിയ നയരൂപീകരണത്തിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com