മലയാളികൾ ട്രെയിൻ ചോദിക്കും, റെയിൽവേ തമിഴ്നാട്ടിലേക്ക് അനുവദിക്കും; വിചിത്ര നടപടി മുൻപും
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നു കൊങ്കൺ പാതയിലൂടെ കോട്ടയം വഴി നാഗർകോവിലിലേക്കും തിരിച്ചും പ്രതിവാര ശബരിമല സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഇരുവശത്തേക്കും 8 വീതം സർവീസുകളാണുണ്ടാവുക.
നാഗർകോവിൽ– പൻവേൽ
28 മുതൽ ജനുവരി 16 വരെ ചൊവ്വാഴ്ചകളിൽ രാവിലെ 11.40നാണ് നാഗർകോവിലിൽ നിന്നുള്ള സർവീസ്. ബുധനാഴ്ചകളിൽ രാത്രി 10.20ന് പൻവേലിൽ എത്തിച്ചേരും.
പൻവേൽ– നാഗർകോവിൽ
ഇൗ മാസം 29 മുതൽ ജനുവരി 17 വരെ ബുധനാഴ്ചകളിൽ രാത്രി 11.50നാണ് പൻവേലിൽ നിന്നുള്ള മടക്ക സർവീസ്. വെള്ളിയാഴ്ചകളിൽ രാവിലെ 10ന് നാഗർകോവിലിൽ എത്തിച്ചേരും.
21 കോച്ചുകൾ
സെക്കൻഡ് എസി കോച്ച്: 1, തേഡ് എസി കോച്ച്: 5, സ്‌ലീപ്പർ: 11, ജനറൽ: 2, ബ്രേക്ക് വാൻ: 2.
സ്റ്റോപ്പുകൾ
പൻവേൽ, മാൻഗാവ്, ഖേഡ്, ചിപ്ലുൺ, രത്നാഗിരി, കങ്കാവ്‌ലി, സാവന്ത്്‌വാഡി റോഡ്, തിവിം, മഡ്ഗാവ്, കാർവാർ, കുംട, മുരുഡേശ്വർ, മൂകാംബിക റോഡ്, കുന്താപ്പുര, ഉഡുപ്പി, സൂറത്ത്കൽ, മംഗളൂരു, കാസർകോട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, തിരുവനന്തപുരം, കുഴിത്തുറൈ, ഇരണിയൽ, നാഗർകോവിൽ.
റെയിൽവേയുടെ വിചിത്ര നടപടി മുൻപും
മുംബൈ ∙ മുംബൈ മലയാളികൾ കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ ചോദിക്കുമ്പോൾ അവ തമിഴ്നാട്ടിലേക്ക് അനുവദിക്കുന്ന റെയിൽവേയുടെ വിചിത്ര നടപടി തുടരുന്നു. ഓണത്തിന് പൻവേലിൽ നിന്നു നാഗർകോവിലിലേക്കായിരുന്നു സ്പെഷൽ ട്രെയിൻ അനുവദിച്ചത്. ഇപ്പോൾ ശബരിമല സ്പെഷൽ ട്രെയിനും നാഗർകോവിലിലേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനു പിന്നിൽ തമിഴ്‌ലോബിയുടെ പ്രത്യേക താൽപര്യമുണ്ടെന്ന് സംശയിച്ചാൽ തെറ്റുപറയാനാകുമോയെന്ന് വെസ്റ്റേൺ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തോമസ് സൈമൺ ചോദിച്ചു. നേരത്തെ കുർളയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും വെവ്വേറെ സ്പെഷൽ ട്രെയിനുകൾ ശീതകാലത്ത് ലഭിച്ചിരുന്നു. ഇപ്പോൾ അവ അനുവദിക്കാറില്ലെന്നു മാത്രമല്ല, അതേ ട്രെയിനുകളിലൊന്നു തമിഴ്നാട്ടിലേക്കു നീട്ടി അനുവദിക്കുകയും ചെയ്തിരിക്കുന്നു.
കുറച്ചുപേർക്കു കൂടി ഉപകാരപ്പെടുമെല്ലോ എന്ന കണക്കുകൂട്ടലാണ് തമിഴ്നാട്ടിലേക്ക് ട്രെയിനുകൾ നീട്ടുന്നതിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ അവിടത്തെ ആഘോഷവേളകളിലുള്ള സ്പെഷൽ ട്രെയിനുകൾ സമാന രീതിയിൽ കേരളത്തിലേക്ക് നീട്ടാത്തത് എന്താണെന്ന് മലയാളി യാത്രാ അസോസിയേഷൻ പ്രവർത്തകർ ചോദിക്കുന്നു.
ഛാഠ് പൂജയോട് അനുബന്ധിച്ച് ഉത്തരേന്ത്യയിലേക്ക് ഇരുന്നൂറിലേറെ സ്പെഷൽ ട്രെയിൻ സർവീസുകളാണ് റെയിൽവേ പ്രഖ്യാപിച്ചത് എന്നിരിക്കെയാണ് ശബരിമല, ക്രിസ്മസ്, ടൂറിസം, പുതുവൽസരയാത്രയ്ക്ക് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേ വിമുഖത കാണിക്കുന്നത്.