പൊടിപടലങ്ങളിൽ നിന്ന് താൽക്കാലിക മോചനം, മെച്ചപ്പെട്ട് വായു; ഇന്നും മഴ സാധ്യത
Mail This Article
മുംബൈ∙ കൃത്രിമ മഴയ്ക്കുള്ള ചർച്ചകൾ നടക്കുന്നതിനിടെ നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മഴയെത്തിയത് സർക്കാരിനും ആശ്വാസമായി. പൊടിപടലങ്ങളിൽ നിന്ന് നഗരത്തിന് താൽക്കാലിക മോചനം ലഭിച്ചതിനൊപ്പം വായുനിലവാരവും തൃപ്തികരമാണ്. ഇന്ന് കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. ഇന്നലെ വൈകിട്ടും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ മഴ പെയ്തിരുന്നു.
സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ നിർമാണ നിയന്ത്രണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടു. അടുത്ത മാസം 12 ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ വായുനിലവാരം മെച്ചപ്പെട്ടില്ലെങ്കിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ ഉൾപ്പെടുന്ന ബെഞ്ച് പറഞ്ഞിരുന്നു.
വായുകോപം അടങ്ങി
ഇടവേളയ്ക്ക് ശേഷം വായുനിലവാരം തൃപ്തികരമെന്ന നിലയിലെത്തിയതോടെ ബിഎംസിക്കും ആശ്വാസമായി. പൊടിപടലങ്ങളിൽ നിന്ന് നഗരത്തെ മോചിപ്പിക്കാൻ ദിവസവും 1000 കിലോമീറ്റർ റോഡ് കഴുകന്നതുൾപ്പെടെയുള്ള നടപടികളും ബിഎംസി സ്വീകരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 8.45ന് വായുനിലവാരം 60 ആണ് രേഖപ്പെടുത്തിയത്. എക്യുഐ 0–50 വരെയാണെങ്കിൽ നല്ലത് എന്ന ഗണത്തിലാണ് വരിക. 51–100 തൃപ്തികരം,101–200 മിതമായത്, 201–300 മോശം, 300–400 വളരെ മോശം, 401–500 ഗുരുതരം എന്നിങ്ങനെയാണ് വായുനിലവാരം കണക്കാക്കുന്ന തോത്.