ADVERTISEMENT

മുംബൈ∙ രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപാലമായ ട്രാൻസ്ഹാർബർ ലിങ്കിൽ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള ക്യാമറ സംവിധാനങ്ങൾ സജ്ജമാക്കുന്നു. അപകടമുണ്ടായാൽ ഉടൻ രക്ഷാപ്രവർത്തനം നടത്താനും ട്രാഫിക് നിയമലംഘനങ്ങൾ കൃത്യമായി നിരീക്ഷിച്ച് നടപടിയെടുക്കാനും അത്യാധുനിക ഹൈസ്പീഡ് ക്യാമറകളാണ് പാലത്തിലൊരുക്കുന്നത്. 

അമിതവേഗതയിൽ എത്തുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനും നിയമം ലംഘിക്കുന്നവർക്ക് നോട്ടിസ് നൽകാനും കഴിയും. പാലത്തിന്റെ 12 ഭാഗങ്ങളിൽ ഇത്തരത്തിലുള്ള 28 ക്യാമറകൾ സ്ഥാപിച്ചെന്ന് എംഎംആർഡിഎ അധികൃതർ പറഞ്ഞു. 

 സെൻട്രൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വാഹനത്തെയും വാഹനത്തിന്റെ വേഗവും തിരിച്ചറിയാനാകും. അപകടങ്ങൾ ഉണ്ടായാലും കൺട്രോൾ റൂമിൽ വിവരം ലഭിക്കും. ഉടൻ എമർജൻസി റെസ്പോൺസ് ടീമിനും വിവരങ്ങൾ കൈ മാറാം. 

മൂന്നുവരികൾ വീതമുള്ള പാതയിൽ അടിയന്തരഘട്ടങ്ങളിൽ പ്രവേശിക്കുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമായി രണ്ട് എമർജൻസി എക്സിറ്റുകളും ഉണ്ട്. 

റെക്കോർഡ് നേട്ടം
∙ രാജ്യത്തെ ഏറ്റവും വലിയ കടൽപാലം (22 കിലോമീറ്ററിൽ 16 കിലോമീറ്റർ കടലിന് കുറുകെ)
∙ നിർമാണച്ചെലവ് 17843 കോടി രൂപ (85 ശതമാനം ജപ്പാനിൽ നിന്നുള്ള വായ്പ)
∙ ദക്ഷിണമുംബൈയെ നവിമുംബെയുമായി അടുപ്പിക്കുന്നു (യാത്രാസമയം ഒന്നരമണിക്കൂറിൽ നിന്ന് 20 മിനിറ്റായി ചുരുങ്ങും)
∙ പ്രതിദിനം 70000 വാഹനങ്ങൾക്ക് പ്രയോജനകരമാകും
∙ ഗോവയിലേക്കും പുണെയിലേക്കുമുള്ള യാത്രാസമയം കുറയും
∙ ജെഎൻപിടി തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കം സുഗമമാകും
∙ ഇരുവശത്തേക്കും 3 വീതം ലൈനുകൾ (രണ്ട് എമർജൻസി  എക്സിറ്റുകളും)

പരമാവധി വേഗം 100 കിലോമീറ്റർ
ട്രാൻസ്ഹാർബർ ലിങ്കിൽ വാഹനങ്ങൾ സഞ്ചരിക്കുന്നതിനുള്ള പരമാവധി വേഗം 100 കിലോമീറ്ററും കുറഞ്ഞത് 40 കിലോമീറ്ററും ആയിരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com