പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 5 വീടുകൾ തകർന്നു; 8 പേർക്ക് പരുക്ക്

Mail This Article
മുംബൈ∙ ചെമ്പൂരിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 5 വീടുകൾ തകർന്നു. 8 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ 49 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ഇവരുടെ മുഖത്തും കൈകാലുകളിലും 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ബിഎംസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇവരും ഭർത്താവും ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് 6 പേരും ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. ഇന്നലെ രാവിലെയാണ് ഗോൾഫ് ക്ലബ്ബിനു സമീപം രണ്ടു നില ചാൾ വീടുകൾ ഉള്ള മേഖലയിൽ സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന്റെ ശക്തിയിൽ സമീപത്തെ വീടുകളും ഇടിഞ്ഞു വീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 11 പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പൊലീസും ബിഎംസി ജീവനക്കാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു.
സീൽ പരിശോധിക്കണം
ഉപയോഗത്തിലല്ലാത്തപ്പോൾ സ്റ്റൗവും സിലിണ്ടറും ഓഫ് ചെയ്യുക. ബർണർ, സ്റ്റൗ, സിലിണ്ടർ, റഗുലേറ്റർ, ഗ്യാസ് പൈപ്പ് തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിച്ച് ശരിയായ പ്രവർത്തനാവസ്ഥയിലാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. എൽപിജി കമ്പനിക്കാർ സിലിണ്ടർ വീട്ടിൽ എത്തിക്കുന്ന സമയത്ത് സീൽ പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. സീൽ പൊട്ടിയതായി കണ്ടാൽ സിലിണ്ടർ കൈപ്പറ്റരുത്.
വാതക ചോർച്ച ഉണ്ടായാൽ
ദുർഗന്ധം അനുഭവപ്പെടുമെന്നതിനാൽ വാതക ചോർച്ച കണ്ടെത്താൻ എളുപ്പമാണ്. ഗ്യാസ് മണത്താൽ വീടിന്റെ എല്ലാ വാതിലുകളും ജനലുകളും തുറന്നിടുക, സിലിണ്ടറിന്റെ റഗുലേറ്റർ ഓഫാക്കുക, വീട്ടിലെ ലൈറ്റുകളോ ഫാനുകളോ ഓണാക്കരുത്, സിഗരറ്റ്, തീപ്പെട്ടി, ലൈറ്റർ എന്നിവ കത്തിക്കുന്നത് ഒഴിവാക്കുക. പ്രശ്നം നിലനിൽക്കുന്നതായി തോന്നിയാൽ സഹായത്തിനായി ഉടൻ ടെക്നിഷ്യനെയോ അഗ്നിരക്ഷാ സേനയെയോ വിളിക്കുക.