ADVERTISEMENT

മുംബൈ∙ മധ്യറെയിൽവെയെ അനുകരിച്ച് കൂടുതൽ സ്ഥാപനങ്ങൾ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ടൈംടേബിൾ തയാറാക്കുന്നു. സിഎസ്എംടി സ്റ്റേഷനു സമീപമുള്ള ജിപിഒ (ജനറൽ പോസ്റ്റ് ഓഫിസ്) ആസ്ഥാനത്ത് വൈകാതെ ഫ്ലെക്സിബിൾ ടൈംടേബിൾ നടപ്പാക്കുമെന്നാണ് സൂചന. വിവിധ സ്വകാര്യ സ്ഥാപനങ്ങളും പുതുവർഷത്തോടെ ഈ ദിശയിലേക്ക് നീങ്ങിയേക്കും. ലോക്കൽ ട്രെയിനുകളിലെ തിരക്കു  കുറയ്ക്കുന്നതിനായി കഴിഞ്ഞ മാസം ഒന്നു മുതലാണ് മധ്യറെയിൽവേ, ജീവനക്കാർക്കു രണ്ടു സമയക്രമം നൽകിയത്.

രാവിലെ 9.30 മുതൽ വൈകിട്ട്  5.45 വരെ ഒരു ഷിഫ്റ്റ്, രാവിലെ 11.30 മുതൽ 7.45 വരെ മറ്റൊരു ഷിഫ്റ്റ് എന്ന രീതിയിലാണ് രണ്ടു സമയക്രമം. രണ്ടിലൊരു സമയക്രമം മാസാദ്യത്തിൽ തന്നെ തിരഞ്ഞെടുക്കണം. മധ്യറെയിൽവേ മുംബൈ ഡിവിഷനിലെ 1500 ജീവനക്കാരിൽ 300 പേർ ഇതിനകം ഫ്ലെക്സിബിൾ ടൈംടേബിൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ മാസം സീസൺ ടിക്കറ്റ് പുതുക്കുമ്പോൾ കൂടുതൽ പേർ ഫ്ലെക്സിബിൾ ടൈംടേബിളിലേക്ക് മാറിയേക്കും. ജിപിഒയിൽ ഇരുന്നൂറോളം ജീവനക്കാരുള്ള അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലുള്ളവർക്കാണ് ഫ്ലെക്സിബിൾ ടൈംടേബിൾ നൽകാൻ ഉദ്ദേശിക്കുന്നത്. രാവിലെ 8നോ  ഉച്ചയ്ക്കോ ജോലിക്ക് ഹാജരായാൽ മതിയാകും. ഏതു സമയം വേണമെന്ന് മുൻകൂട്ടി അറിയിക്കണം. 

രാവിലെയും വൈകിട്ടും ഓഫിസ് സമയങ്ങളിൽ ലോക്കൽ ട്രെയിനുകളിലെ തിരക്കു കുറയ്ക്കാൻ വേണ്ടിയുള്ള  പുതിയ പരീക്ഷണം അനുകരിക്കാൻ ഇതര സ്ഥാപനങ്ങളെയും മധ്യറെയിൽവേ പ്രേരിപ്പിക്കുന്നുണ്ട്.  ലോക്കൽ ട്രെയിനുകളിലെ തിരക്ക് കുറയുമ്പോൾ അപകടസാധ്യത കുറയുമെന്നതാണു പ്രധാന കാരണം. 

രാവിലെ 7.30ന് മുൻപുളള സമയവും രാവിലെ 11 മുതൽ വൈകിട്ട് 4 വരെയുള്ള സമയവും രാത്രി 8 മുതൽ രാത്രി സർവീസ് അവസാനിക്കുന്നത് വരെയുള്ള സമയവുമാണ് തിരക്കില്ലാത്ത സമയമായി കണക്കാക്കുന്നത്. ഫ്ലെക്സിബിൾ ടൈംടേബിൾ വന്നാൽ കുറെ പേരുടെ യാത്ര ഈ സമയങ്ങളിലേക്ക് മാറും. ഇത് മൊത്തത്തിലുള്ള തിരക്കു  കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. മധ്യറെയിൽവേയുടെ ലോക്കൽ ട്രെയിനുകളിൽ പ്രതിദിനം 40 ലക്ഷം പേരും പശ്ചിമ റെയിൽവേയുടെ ലോക്കൽ ട്രെയിനുകളിൽ 30 ലക്ഷം പേരും യാത്ര ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com