വിചാരണത്തടവുകാരുടെ വാദം വിഡിയോ കോൺഫറൻസിങ് വഴിയാക്കണം: ഹൈക്കോടതി
Mail This Article
മുംബൈ∙ വിചാരണത്തടവുകാരെ കഴിവതും വിഡിയോ കോൺഫറൻസിങ് വഴി കോടതികളിൽ ഹാജരാക്കണമെന്ന് ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകി. ഓരോ വാദം കേൾക്കലിനും അവരെ നേരിട്ട് കോടതിയിൽ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുള്ള നടപടിക്രമമാണ്.
എല്ലാ കോടതികളിലും സ്‌ക്രീനുകളും മറ്റ് വിഡിയോ കോൺഫറൻസിങ് സൗകര്യങ്ങളും സജ്ജീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നും ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ സിംഗിൾ ബെഞ്ച് സർക്കാരിന് നിർദേശം നൽകി. തന്നെ നേരിട്ടോ വിഡിയോ കോൺഫറൻസിങ് വഴിയോ ഹാജരാക്കാത്തത് കാരണം ജാമ്യാപേക്ഷയിലെ വാദം കേൾക്കൽ കീഴ്ക്കോടതി 23 തവണ മാറ്റിവച്ചുവെന്ന് ചൂണ്ടിക്കാട്ടി ത്രിഭുവൻസിങ് യാദവ് എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
സംസ്ഥാനത്തെ എല്ലാ കോടതികളിലും വിഡിയോ കോൺഫറൻസിങ് സൗകര്യം ലഭ്യമാക്കിയാൽ കേസിന്റെ വിവിധ ഘട്ടങ്ങളിൽ പ്രതികളെ നേരിട്ട് ഹാജരാക്കേണ്ടി വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തടവുകാരെ നേരിട്ട് ഹാജരാക്കുമ്പോഴുളള സമയവും പണവും ലാഭിക്കാം. സുരക്ഷാ പ്രശ്നങ്ങൾ, തടവുകാരെ അനുഗമിക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവം തുടങ്ങിയ സാഹചര്യങ്ങളിലും തടവുകാരെ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കണം- കോടതി ചൂണ്ടിക്കാട്ടി.