ADVERTISEMENT

മുംബൈ ∙ നവിമുംബൈ മേഖലയിൽ നിന്നു കാണാതായ 8 കുട്ടികളും തിരിച്ചെത്തി. കുട്ടികളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും അവർ സ്വമേധയാ വീടുവിട്ടിറങ്ങിയതാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി 8 കുട്ടികളെ കാണാതായത് മേഖലയിൽ ആശങ്ക പരത്തിയിരുന്നു. തുടക്കത്തിൽ 6 കുട്ടികളെ കാണാതായെന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് 8 കുട്ടികളെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.  ചൊവ്വാഴ്ച ഒരു കുട്ടിയെ മാത്രമാണ് കണ്ടെത്താനായത്. ഇതോടെ കുട്ടികളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന അഭ്യൂഹങ്ങൾ പരന്നു. ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ വിവരങ്ങൾ പങ്കിട്ടു. ഒടുവിൽ കുട്ടികളെ എല്ലാവരെയും കണ്ടെത്തി.

തിരോധാനത്തിന്  പിന്നിൽ
നിസ്സാരമായ കാരണങ്ങളാലാണ് കുട്ടികൾ വീടുവിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ചിലർ മാതാപിതാക്കളോട് വഴക്കിട്ട് പോകുകയായിരുന്നു. മറ്റ് ചിലർ മാതാപിതാക്കളോട് കള്ളം പറഞ്ഞ് സ്ഥലംവിട്ടവരാണ്. ഫുട്ബോൾ കളിക്കാൻ അനുവദിക്കാത്തതിനു പിതാവിനോട് ദേഷ്യപ്പെട്ടാണ് കോപർഖൈർണെയിൽ നിന്നുള്ള 12 വയസ്സുകാരൻ വീട്ടിൽ നിന്ന് ഓടിപ്പോയത്. കുട്ടിയെ പിന്നീട് താനെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കണ്ടെത്തി. അമ്മ വഴക്കുപറഞ്ഞതിനാണ് റബാലെയിൽ നിന്നുള്ള 13 വയസ്സുകാരി വീടുവിട്ടിറങ്ങിയത്. കുട്ടിയുടെ മൊബൈൽ ലൊക്കേഷൻ തിരഞ്ഞ് ഐരോളിയിൽ നിന്ന് കണ്ടെത്തി. കാമോഠെ നിവാസിയായ 14 വയസ്സുകാരിക്ക് ഇടയ്ക്കിടെ വീട്ടിൽ നിന്നു ഇറങ്ങുന്ന സ്വഭാവമുണ്ട്. കുട്ടിയെ പിന്നീട് ഗുജറാത്തിലെ അമ്മായിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കോപർഖൈർണെയിൽ നിന്ന് വീടുവിട്ടിറങ്ങിയ 15 വയസ്സുകാരൻ സ്വയം  വീട്ടിലേക്ക് മടങ്ങിയെത്തി. കലമ്പോളി മേഖലയിൽ നിന്ന് കാണാതായ 12ഉം 14ഉം വയസ്സുള്ള രണ്ടു പെൺകുട്ടികൾ മാതാപിതാക്കളെ അറിയിക്കാതെ വിരാറിലെ ജീവദാനി ക്ഷേത്രം സന്ദർശിക്കാൻ പോയതായിരുന്നു. എന്നാൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഇവർ വീട്ടിലെത്തി. റബാലെയിൽ നിന്നു കാണാതായ 13 വയസ്സുകാരനെ അകോളയിൽ നിന്നാണ് കണ്ടെത്തിയത്. പൻവേലിൽ നിന്നുള്ള 16 വയസ്സുകാരിയെ യുപി സ്വദേശിയ കാമുകനൊപ്പം കണ്ടെത്തി.

തട്ടികൊണ്ടുപോകുന്നത്  കുറവെന്ന് പൊലീസ്  
കുട്ടികളെ കാണാതായതായി പരാതി ലഭിച്ചാൽ തട്ടിക്കൊണ്ടുപോകലിനാണ് കേസ് റജിസ്റ്റർ ചെയ്യുക. നവിമുംബൈ മേഖലയിൽ ഈ വർഷം ഇതു വരെ 371 കുട്ടികളെ കാണാതായെന്ന് പരാതികൾ ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽ 325 പേരെ കണ്ടെത്തി വീടുകളിൽ തിരികെയെത്തിച്ചു. ഇവരെയൊന്നും ആരും തട്ടിക്കൊണ്ടു പോയതല്ലെന്ന് ഡപ്യൂട്ടി കമ്മിഷണർ അമിത് കാലെ പറഞ്ഞു. തിരികെയെത്താത്തവർ ഇഷ്ടപ്പെട്ട ആളുകളുടെ കൂടെ ഇറങ്ങിപ്പോയവരാണ്. ഇവരിൽ പലരും വിവാഹിതരായെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com