ADVERTISEMENT

മുംബൈ ∙ കോവിഡ് ഭീഷണിക്കൊപ്പം വൈറൽ പനിയും അലർജി സംബന്ധമായ അസുഖങ്ങളും വ്യാപിക്കുന്നു. അന്തരീക്ഷ താപനിലയിലെ മാറ്റം വൈറൽ ബാധകൾക്കും അലർജികൾക്കും കാരണമാകുമെന്നതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ആശുപത്രികളുടെ ഒപി വിഭാഗത്തിൽ ഇത്തരം രോഗങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.  വായു മലിനീകരണം കുറഞ്ഞിട്ടും താപനിലയിലെ വ്യതിയാനം കാരണം  ശ്വാസകോശ സംബന്ധമായ രോഗികളുടെ എണ്ണം കൂടുകയാണ്. ശനിയാഴ്ച സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 17.5 ഡിഗ്രിയിൽ എത്തിയ ശേഷം, കുറഞ്ഞ താപനില 20 ഡിഗ്രിയിൽ തുടരുകയാണ്.

താപനിലയിലെ ഏറ്റക്കുറച്ചിലുകൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നതാണ് അണുബാധകൾക്കു കാരണമാകുന്നത്. തലവേദന, സന്ധിവേദന, വരണ്ട ചുമ, പനി എന്നിവയാണ് വൈറൽ അണുബാധയുടെ പൊതുവായ ലക്ഷണങ്ങൾ. ബാക്ടീരിയ അണുബാധയിൽ കഫത്തിന്റെ നിറം മഞ്ഞയോ പച്ചയോ ആയി മാറും. ഒപ്പം കടുത്ത പനിയും തൊണ്ടവേദനയും ഉണ്ടാകും. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കണമെന്ന് ജെജെ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം തലവൻ ഡോ. വിഖാർ ഷെയ്ഖ് പറഞ്ഞു. 

19നഗരത്തിൽ  ജെഎൻ. 1 കേസുകൾ
സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1ന്റെ  22 കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.  ഇതിൽ 19 എണ്ണം മുംബൈയിലാണ്. ഇതോടെ ആകെ ജെഎൻ. 1 കേസുകളുടെ എണ്ണം 51 ആയി ഉയർന്നു. കഴിഞ്ഞമാസം ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോൾ ലഭിച്ചത്. ഈ രോഗികൾ എല്ലാവരും തന്നെ സുഖം പ്രാപിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ്  സ്ഥിരീകരിച്ചു. മിക്കവർക്കും നിസ്സാര ലക്ഷണങ്ങളെ ഉണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച 62 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സജീവ കേസുകളുടെ എണ്ണം 900ന് അടുത്തെത്തി.

അതിവേഗം പടരുന്നെന്ന് വിദഗ്ധർ
മുംബൈ ∙ കോവിഡിന്റെ മറ്റ് വകഭേദങ്ങളെക്കാൾ വേഗം ജെഎൻ.1 പടരുന്നുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ. രാജേഷ് കാര്യകർത്ത പറഞ്ഞു. കുറച്ച് പേർക്ക് മാത്രമേ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നുള്ളൂ. അവധിക്കാലത്തിനു ശേഷമുള്ള വർധന വിലയിരുത്താൻ ഈ മാസം 15 വരെ കാക്കണം. പ്രമേഹം പോലുള്ള ഇതരരോഗങ്ങൾ ഉള്ളവരുടെ എണ്ണം കൂടുതലുള്ളതിനാൽ ജാഗ്രത തുടരണമെന്നും നിർദേശിച്ചു.  ഡിസംബർ പകുതി മുതൽ ഈ മാസം 8 വരെ 7 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com