മേൽപാലങ്ങൾക്ക് മോടി കൂട്ടാൻ ബൊഗേൻവില്ല

Mail This Article
മുംബൈ∙ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മേൽപാലങ്ങളിൽ മുംൈബ കോർപറേഷൻ (ബിഎംസി) ബോഗൈൻവില്ല ചെടികൾ വച്ചുപിടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ 20 മേൽപാലങ്ങളിൽ ഇവ വച്ചുപിടിപ്പിക്കാനാണ് തീരുമാനം.മറ്റു ചെടികളെ അപേക്ഷിച്ച് ബൊഗേൻവില്ലയ്ക്കു കുറഞ്ഞ പരിചരണം മതി. അധികം നനയ്ക്കേണ്ടതുമില്ല.
വേനൽക്കാലത്തും തളരാതെ നിൽക്കും. ഇതാണ് സൗന്ദര്യവൽക്കരണ പദ്ധതിക്ക് ഇവ തിരഞ്ഞെടുക്കാൻ കാരണം. കെ ഈസ്റ്റ് വാർഡിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവയിലേക്കുള്ള ഫ്ലൈ ഓവർ, ബികെസി–വകോള ഫ്ലൈ ഓവർ, ലാൽബാഗ് ഫ്ലൈ ഓവർ, മാട്ടുംഗ ഫ്ലൈഓവർ, ദാദർ ഫ്ലൈഓവർ ഉൾപ്പെടെയുള്ളയിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ചെടികൾ വച്ചു പിടിപ്പിക്കുന്നത്.
നേരത്തെ സിഎസ്എംടി റെയിൽവേ സ്റ്റേഷനും താനെ സ്റ്റേഷനും ട്രാക്കുകൾക്കിടയിലൂടെയുള്ള സ്ഥലങ്ങളിൽ ബോഗൈൻവില്ല പിടിപ്പിക്കാൻ തീരുമാനമായിരുന്നു. 65,000 ചെടികളാണ് വച്ചുപിടിപ്പിക്കുന്നത്. അതിനിടെയാണ് മേൽപാലങ്ങളിലും കടലാസ് ചെടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ബൊഗേൻവില്ല വച്ചുപിടിപ്പിക്കുന്നത്.