പൻവേൽ–കർജത് പാത ഇരട്ടിപ്പിക്കൽ: തുരങ്ക നിർമാണം അതിവേഗം; അടുത്ത വർഷം തുറന്നേക്കും

Mail This Article
മുംബൈ∙ പൻവേൽ–കർജത് റെയിൽവേ പാതയുടെ ഇരട്ടിപ്പിക്കൽ ജോലി അതിവേഗം പുരോഗമിക്കുന്നു. സിഎസ്എംടിയിൽ നിന്ന് കർജതിലേക്കുള്ള ലോക്കൽ ട്രെയിൻ യാത്രാ സമയവും ദൂരവും ഇതോടെ കുറയും. മുംബൈ റെയിൽ വികാസ് കോർപറേഷനാണ് പദ്ധതിയുടെ ചുമതല. മൂന്ന് ഭൂഗർഭ തുരങ്കങ്ങൾ ഉൾപ്പെടുന്ന പാതയിൽ 2 തുരങ്കങ്ങളുടെയും നിർമാണവും കോൺക്രീറ്റിങ്ങും വാട്ടർപ്രൂഫിങ്ങും പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. മൂന്നാമത്തെ തുരങ്കത്തിന്റെ നിർമാണം 72% പൂർത്തിയായി. 2 റെയിൽവേ മേൽപാലങ്ങളും പദ്ധതിയുടെ ഭാഗമാണ്.
2025 ഡിസംബറോടെ പാത തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ. സിഎസ്എംടിയിൽ നിന്ന് താനെ, കല്യാൺ വഴി മെയിൻ ലൈനിലൂടെയാണു കർജത്തിലേക്കു നിലവിലുള്ള ലോക്കൽ ട്രെയിൻ പാത. 2.15 മണിക്കൂറാണ് സിഎസ്എംടിയിൽ നിന്ന് കർജത്തിലേക്കെത്താൻ എടുക്കുന്നത്. അതേസമയം, പൻവേൽ–കർജത് പാത ഇരട്ടിപ്പിക്കൽ വഴി സിഎസ്എംടിയിൽ നിന്നു പൻവേൽ വഴി കർജത്തിലേക്ക് ലോക്കൽ ട്രെയിൻ സർവീസ് നടത്താൻ സാധിക്കും.
ഇതോടെ യാത്രാസമയം ഒന്നേമുക്കാൽ മണിക്കൂറിൽ താഴെയായി ചുരുങ്ങും. 2812 കോടി രൂപയുടേതാണ് പദ്ധതി. 57 ഹെക്ടറിലധികം സ്വകാര്യഭൂമിയും 4.4 ഹെക്ടർ സർക്കാർ ഭൂമിയും ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. 29.6 കിലോമീറ്റർ ദൂരമുള്ളതാണ് പാത. പൻവേലിന് പുറമേ ചിഖാലെ, മൊഹാപെ, ചൗക്ക്, കർജത് എന്നിവയാണ് സ്റ്റേഷനുകൾ. ഒട്ടേറെ കെട്ടിട നിർമാണപദ്ധതികൾ ഇവിടെ പുരോഗമിക്കുന്നുണ്ട്.