ADVERTISEMENT

മുംബൈ ∙ സഹപ്രവർത്തകന്റെ സംസ്കാരച്ചടങ്ങിന് മധ്യറെയിൽവേയിലെ ലോക്കൽ ട്രെയിൻ മോട്ടോർമാൻമാരിൽ ഒരു വിഭാഗം അവധിയെടുത്തതിനെത്തുടർന്ന് ശനിയാഴ്ച 147 ലോക്കൽ ട്രെയിനുകൾ റദ്ദാക്കേണ്ടിവന്ന സംഭവം വിവാദമായി. ജോലി കഴിഞ്ഞു മടങ്ങുന്ന സമയത്ത് കൂട്ടത്തോടെ ട്രെയിനുകൾ മുടങ്ങിയതിനാൽ പതിനായിരക്കണക്കിനു യാത്രക്കാരാണ് ദുരിതത്തിലായത്.സിഎസ്എംടിയിൽ നിന്ന് വൈകിട്ട് മൂന്നേമുക്കാൽ മുതൽ നാലേകാൽ വരെ ലോക്കൽ ട്രെയിൻ സർവീസ് ഏതാണ്ട് നിലച്ചപോലെയായി. തുടർന്നും സർവീസ് മന്ദഗതിയിലായിരുന്നു. ഇതോടെ സ്റ്റേഷനുകളിലും സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധമുയർന്നു. ലോക്കൽ ട്രെയിൻ സ്റ്റേഷനുകൾ യാത്രക്കാരെക്കൊണ്ടു നിറഞ്ഞു. 

മോട്ടോർമാനായ മുരളീധർ ശർമ വെള്ളിയാഴ്ച ബൈക്കുള–സാന്ത്ഹസ്റ്റ് റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടെയാണ് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു മരിച്ചത്. സിഗ്നൽ മറികടന്ന് ട്രെയിൻ നിർത്തേണ്ടിവന്നതിനെത്തുടർന്ന് ശിക്ഷാനടപടി നേരിടേണ്ടിവരുമെന്ന ആശങ്കയിൽ ജീവനൊടുക്കുകയായിരുന്നെന്നാണ് സൂചന. ചെറിയ പിഴവുകൾക്ക് മോട്ടോർമാൻമാരെ റെയിൽവേ വലിയ സമ്മർദത്തിലാക്കുന്നതായി റെയിൽവേ ജീവനക്കാരുടെ യൂണിയനുകൾ ആരോപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ മോട്ടോർമാൻമാരിൽ പലരും പോവുകയായിരുന്നു. രാവിലെ 11നാണ് ആദ്യം സംസ്കാരം നിശ്ചയിച്ചിരുന്നത്. ബന്ധുക്കൾ എത്താൻ വൈകിയതിനെത്തുടർന്ന് ചടങ്ങുകൾ നീണ്ടു.   ഇതുമൂലം ട്രെയിൻ ഓടിക്കാൻ ആളില്ലാതാകുകയായിരുന്നു.

ട്രെയിനുകൾ വൈകുന്നു; യാത്രാദുരിതം രൂക്ഷം
മുംബൈ∙ മധ്യ റെയിൽവേയുടെ മെയിൻ ലൈനിലും ഹാർബർ ലൈനിലും ട്രെയിനുകൾ വൈകിയോടുന്നത് പതിവാകുന്നു. ചില ദിവസങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെ ട്രെയിനുകൾ വൈകിയോടുന്നതായാണ് യാത്രക്കാരുടെ പരാതി. പലയിടങ്ങളിലും പിടിച്ചിട്ടാണ് ട്രെയിനുകൾ പോകുന്നത്. സിഎസ്എംടിയിലേക്കുള്ള സർവീസുകൾ അതിനു തൊട്ടുമുന്നിലുള്ള മസ്ജിദ് സ്റ്റേഷൻ പലപ്പോഴും 5 മിനിറ്റിലേറെ സിഗ്നൽ കാത്ത് നിർത്തിയിടുന്നതും പതിവാണ്. പതിറ്റാണ്ടുകളായി കൃത്യമായി നടത്തിയിരുന്ന സർവീസുകളാണ്  കുറച്ചുനാളായി വൈകുന്നത്.

കഴിഞ്ഞ ഒരു വർഷമായി ഇൗ പ്രശ്നം തുടങ്ങയിട്ടെന്നു പൻവേലിൽ നിന്നുള്ള പതിവുയാത്രക്കാരനായ ജോയ് തോമസ് പറഞ്ഞു. മെഗാബ്ലോക്ക് കൂടി ഉള്ളതിനാൽ ഞായറാഴ്ചകളിലും ദുരിതത്തിലാണ് യാത്രക്കാർ. ഇന്നലെ വൈകിയാണ് ഹാർബർ ലൈൻ പാതയിൽ ട്രെയിൻ ഗതാഗതം ആരംഭിച്ചത്. സാധാരണയിലും 30 മിനിറ്റിലേറെ വൈകിയതോടെ പലർക്കും ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഞായറാഴ്ചകളിൽ വിവിധ മുനിസിപ്പൽ കോർപറേഷനുകളിലെ ബസ് സർവീസുകളിലും കുറവുണ്ട്. ഇതെല്ലാം യാത്രാക്ലേശം രൂക്ഷമാകുന്നു. കല്യാൺ, ബദ്‌ലാപുർ മേഖലയിലേക്കുള്ള ട്രെയിൻ സർവീസുകളും പലപ്പോഴും വൈകുന്നതായി പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com