ADVERTISEMENT

മുംബൈ ∙ ഏറ്റവും നീളം കൂടിയ കടൽപാലമായ ട്രാൻസ്ഹാർബർ ലിങ്കിലൂടെ ഒരു മാസത്തിനിടെ കടന്നുപോയത് 8.13 ലക്ഷം വാഹനങ്ങളാണെന്ന് മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തിന് മുൻപ് പ്രതിദിനം 70,000 വാഹനങ്ങൾ കടന്നുപോകുമെന്നാണ് കരുതിയിരുന്നതെങ്കിലും ഉയർന്ന ടോൾ നിരക്ക് വില്ലനായതോടെ സാധാരണക്കാർ കടൽപാലം കൈവിടുകയായിരുന്നു. 27,000ൽ താഴെ വാഹനങ്ങളാണ് നിലവിൽ ഓരോ ദിവസവും ഇതുവഴി കടന്നുപോകുന്നത്.  7 ലക്ഷത്തോളം കാറുകൾ കടന്നുപോയെങ്കിലും മിക്കവരും ഉദ്ഘാടന ശേഷം പാലം കാണുകയെന്ന ലക്ഷ്യത്തോടെ എത്തിയവരായിരുന്നു. 

വലിയ വാഹനങ്ങൾ കൂടുതലായി കടന്നുപോകുമെന്നാണ് കരുതിയിരുന്നതെങ്കിലും നിരാശയാണ് ഫലം. ദക്ഷിണ മുംബൈയിലെ ശിവ്‌രിയിൽ നിന്ന് നവിമുംബൈയിലെ നാവസേവയിൽ 20 മിനിറ്റ് കൊണ്ടെത്താമെന്നതിനാൽ ജെഎൻപിടി തുറമുഖത്ത് നിന്നുള്ള ഒട്ടേറെ വാഹനങ്ങൾ പാതയെ ആശ്രയിക്കുമെന്ന അധികൃതരുടെ കണക്കുകൂട്ടലും തെറ്റി. ഭാരവാഹനങ്ങളും ദീർഘദൂര വാഹനങ്ങളും പൂർണമായും പാലത്തെ അവഗണിച്ച മട്ടാണ്. അതിനാൽ, ഭാരവാഹനങ്ങളുടെ ടോൾ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. 

ടോളായി ലഭിച്ചത് 13.95 കോടി
കടൽപാലത്തിലൂടെ ഒരു മാസത്തിനിടെ കടന്നുപോയ വാഹനങ്ങളിൽ നിന്ന് ടോളായി ലഭിച്ചത് 13.95 കോടി രൂപയാണ്. പ്രതിദിനം ഒരു കോടി രൂപ വീതം ടോളായി ലഭിക്കുമെന്ന് കരുതിയിടത്താണ് ഈ അവസ്ഥ.പാതയിൽ ഇരുചക്രവാഹനങ്ങൾക്കും മുച്ചക്രവാഹനങ്ങൾക്കും വിലക്കുണ്ട്.

ഇതിനൊപ്പം പാതയിൽ വാഹനങ്ങൾ നിർത്തരുതെന്ന കർശന നിർദേശവുമുണ്ട്. അനധികൃതമായി വാഹനങ്ങൾ നിർത്തുകയും സെൽഫിയെടുക്കുകയും ചെയ്ത 1,612 പേരിൽ നിന്ന് 12.11 ലക്ഷം രൂപ പിഴയായി ഈടാക്കി. മുംബൈ പൊലീസ് 1.12 ലക്ഷം രൂപയും നവിമുംബൈ പൊലീസ് 10.99 ലക്ഷം രൂപയുമാണ് പിഴയായി ഈടാക്കിയത്.കടൽപാലത്തിലൂടെ രാത്രിയും പകലും പൊലീസ് റോന്ത് ചുറ്റുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com