ഫാസ്റ്റ് ഫുഡിലെ ചീസ് നിലവാരമില്ലാത്തത്; വലിയ വിലകൊടുത്ത് വാങ്ങുന്നത് വ്യാജൻ

Mail This Article
മുംബൈ∙ ഫാസ്റ്റ് ഫുഡ് കടകളിൽ വലിയ വില കൊടുത്ത് കഴിക്കുന്ന ബർഗറിലെയും പീസയിലെയും ചേരുവകൾ ഒറിജിനലാണോ? പച്ചക്കറികളും മറ്റ് ഒറിജിനൽ ആണെന്ന് വിശ്വസിക്കാമെങ്കിലും പല ഫാസ്റ്റ് ഫുഡ് ചെയിനുകളും ഉപയോഗിക്കുന്ന ചീസ് ഒറിജിനൽ അല്ലെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. കഴിഞ്ഞയാഴ്ച രാജ്യാന്തര ഫാസ്റ്റ് ഫുഡ് കമ്പനിയുടെ അഹമ്മദ്നഗറിലെ സ്റ്റാളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ചീസ് ഉപയോഗിക്കുന്നതായി ആദ്യം കണ്ടെത്തിയത്. തുടർന്ന് മറ്റ് ഫാസ്റ്റ് ഫുഡ് കടകളിൽ എഫ്ഡിഎ പരിശോധന വ്യാപിപ്പിച്ചു. നിലവാരം കുറഞ്ഞ ചീസും സോസും ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണ് നടപടിയെടുക്കുക. ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പ്രതീക്ഷിക്കാം.
വിത്ത് /വിത്തൗട്ട് ചീസ്
“വിത്ത് ചീസ് / വിത്തൗട്ട് ചീസ്’’- സാധാരണ ബർഗർ ഓർഡർ ചെയ്യുമ്പോൾ കൗണ്ടറിലെ സെയിൽസുകാർ കസ്റ്റമറോട് ചോദിക്കുന്ന സ്ഥിരം ചോദ്യമാണ്. ചീസ് ആവശ്യപ്പെട്ടാൽ അധികവില ചോദിക്കും. ഇങ്ങനെ പത്തോ ഇരുപതോ രൂപ അധികം നൽകി വാങ്ങുന്ന ചീസാണ് വ്യാജനെന്ന് വെളിപ്പെട്ടത്. ചീസ് ഒറിജിനൽ അല്ലെന്ന് ഉപഭോക്താക്കളെ അറിയിക്കാതെയാണ് തട്ടിപ്പ് എന്നതാണ് എഫ്ഡിഎയെ ഞെട്ടിച്ചത്. പല സ്ഥാപനങ്ങളും ചീസ് ബർഗർ എന്ന പേരു മാറ്റി വെജിറ്റബിൾ ബർഗർ, അമേരിക്കൻ ബർഗർ എന്നൊക്കെ പേരിട്ടാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. പാലിൽ നിന്നല്ലാത്ത ഐസ്ക്രീമിലും ഈ വ്യത്യാസമുണ്ട്. ഐസ്ക്രീം എന്ന പേരിനു പകരം ഫ്രോസൺ ഡെസേർട്ട് എന്ന പേരു നൽകിയാൽ അത് പാലിൽ നിന്നല്ല വെജിറ്റബിൾ ഓയിലിൽ നിന്നാണ് എന്നു മനസ്സിലാക്കണം.
പോഷക ഗുണമില്ല
പാലിൽ നിന്നു തയാറാക്കുന്ന ഉൽപന്നമാണ് ചീസ് അഥവാ പാൽക്കട്ടി. എന്നാൽ യഥാർഥ ചീസിനു പകരം വെജിറ്റബിൾ ഓയിൽ കൊണ്ടു തയാറാക്കിയ ചീസ് ആണ് പലരും ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിട്ടുള്ള ചീസ് പോഷകഗുണമുള്ളതാണ്. എന്നാൽ വ്യാജനിൽ ഈ ഗുണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.