വീൽചെയർ കിട്ടാതെ വയോധികന്റെ മരണം: എയർ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ
Mail This Article
മുംബൈ ∙ വീൽചെയർ കിട്ടാതെ വിമാനത്താവളത്തിലൂടെ ഒരു കിലോമീറ്ററിലേറെ നടക്കേണ്ടിവന്ന 80 വയസ്സുകാരൻ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ടു. കഴിഞ്ഞ 12ന് ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെത്തിയ ബാബു പട്ടേലാണ് മരണമടഞ്ഞത്. ടിക്കറ്റ് എടുത്ത വേളയിൽ തന്നെ ബാബുവും ഭാര്യ നർമദാബെൻ പട്ടേലും വീൽചെയർ ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിമാനമിറങ്ങിയ ശേഷം ഒരാൾക്ക് മാത്രമാണ് വീൽചെയർ ലഭിച്ചത്. അതിൽ ഭാര്യയെ ഇരുത്തി മുന്നോട്ട് നടന്ന ബാബു പട്ടേൽ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവത്തിൽ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. മുതിർന്ന പൗരന് വീൽചെയർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം കാത്തുനിൽക്കാതെ നടന്നുനീങ്ങി എന്നാണ് എയർ ഇന്ത്യ നൽകിയ മറുപടി. എന്നാൽ, കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുത്തതായോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായോ എയർ ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. തുടർന്നാണു പിഴ ഇൗടാക്കാൻ തീരുമാനിച്ചത്.