ADVERTISEMENT

മുംബൈ ∙ ഫ്ലാറ്റ് വിപണിയിൽ ‘ബൈ നൗ, പേ ലേറ്റർ’ സ്കീമുകൾക്കു പ്രിയമേറുന്നു. ഫ്ലാറ്റ് ബുക്ക് ചെയ്യുമ്പോൾ വിലയുടെ 10-20% നൽകുകയും ബാക്കി തുക കെട്ടിടനിർമാണം പൂർത്തിയായി കൈവശാവകാശം ലഭിക്കുമ്പോൾ മാത്രം നൽകുന്നതുമാണ് ഈ രീതി. ഒട്ടേറെ കെട്ടിട നിർമാതാക്കൾ ഈ ഓഫർ നൽകുന്നുണ്ട്. സാധാരണ റിയൽ എസ്റ്റേറ്റ് മേഖലയിൽ മാന്ദ്യം വരുമ്പോഴാണ് കെട്ടിട നിർമാതാക്കൾ ഇത്തരം ഓഫറുകൾ പ്രഖ്യാപിക്കുക.

എന്നാൽ, കോവിഡിനു ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായ ഉണർവിനെ തുടർന്ന് ഒട്ടേറെ കെട്ടിടനിർമാണ പദ്ധതികൾ പ്രഖ്യാപിച്ചു. ഇടപാടുകാരെ ആകർഷിക്കാൻ വ്യത്യസ്ത ആശയങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഓഫറുകൾ നൽകുന്നത്.

ലോധ ഗ്രൂപ്പിന്റെ മാക്രോടെക് ഡവലപ്പേഴ്സ്, റസ്റ്റംജി ഗ്രൂപ്പിന്റെ കീ സ്റ്റോൺ റിയൽറ്റേഴ്സ്, റെയ്മണ്ട് റിയൽറ്റേഴ്സ്, വധ്വ, റൺവാൾ, ആംപിറ്റ് തുടങ്ങിയ കെട്ടിട നിർമാതാക്കൾ ‘ബൈ നൗ, പേ ലേറ്റർ’ സ്കീമുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ഫ്ലാറ്റുകളുടെ ബുക്കിങ് നടക്കും എന്നതാണ് കെട്ടിട നിർമാതാക്കൾക്കുള്ള നേട്ടം. ഫ്ലാറ്റ് ബുക്ക് ചെയ്യുന്നവർക്കാകട്ടെ കെട്ടിട നിർമാണം പൂർത്തിയാകാൻ വേണ്ടി വരുന്ന 4-5 വർഷം പണം നൽകേണ്ട ബാധ്യതയുമില്ല. ഭവനവായ്പ ആവശ്യമുള്ളവർക്കും നിർമാണം പൂർത്തിയാകാറാകുമ്പോൾ മാത്രമേ വായ്പയെടുക്കേണ്ടി വരുന്നുള്ളൂ. വായ്പ വേണ്ടെന്നു തീരുമാനിക്കുന്നവർക്ക് ബാക്കി പണം നൽകാൻ 4-5 വർഷം സമയം ലഭിക്കുന്നുണ്ട്. 

 ഈ സമയത്തിനുള്ളിൽ മ്യുച്വൽ ഫണ്ടിൽ എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ചേർന്നോ മറ്റു സമ്പാദ്യപദ്ധതികൾ വഴിയോ പണം സ്വരൂപിക്കാനുമാവുമെന്ന് ദീർഘകാലമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി പറയുന്നു.

3.5 ബിഎച്ച്കെയും 4 ബിഎച്ച്കെയും
റിയൽ എസ്റ്റേറ്റ് മേഖലയിലെ റഗുലേറ്ററി ഏജൻസിയായ മഹാറേറ (മഹാരാഷ്ട്ര റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി)യുടെ കണക്കു പ്രകാരം നഗരപരിധിയിൽ കഴിഞ്ഞ വർഷം 52,771 ഫ്ലാറ്റുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്.  2020ലെ 25,404ൽ നിന്നാണ് ഈ വളർച്ച. പുതിയ ഫ്ലാറ്റുകളിൽ 3.5 ബിഎച്ച്കെ (ഹാളും 3 കിടപ്പുമുറിയും ഒരു ചെറിയ മുറിയും അടുക്കളയും), 4 ബിഎച്ച്കെ (ഹാളും 4 കിടപ്പുമുറിയും അടുക്കളയും) എന്നിവയും കൂടുതലായി ഇടംപിടിച്ചിട്ടുണ്ട്.

ഫ്ലാറ്റുകൾക്കുമുണ്ട് ഡിസ്ട്രിബ്യൂട്ടർ
ഫ്ലാറ്റുകളുടെ വിൽപന കെട്ടിട നിർമാതാക്കൾ മറ്റൊരു ഏജൻസിയെ ഏൽപിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്. ഫ്ലാറ്റ് വിൽപന എന്ന തലവേദന പൂർണമായും കെട്ടിട നിർമാതാക്കളിൽ നിന്നൊഴിയും. വിൽപന ഏറ്റെടുക്കുന്ന ഏജൻസി അതിനാവശ്യമായ പരസ്യവും മാർക്കറ്റിങ്ങും ചെയ്യും. വിൽപന നടക്കുമ്പോൾ നിശ്ചിത മാർജിൻ ഏജൻസിക്ക് ലഭിക്കും. സിനിമ മേഖലയിൽ നിർമാതാക്കളും വിതരണക്കാരും (ഡിസ്ട്രിബ്യൂട്ടർ) തമ്മിലുള്ള കരാറിന്റെ സ്വഭാവമാണിതിനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com