മെട്രോ-3-ആദ്യഘട്ടത്തിന്റെ 90% നിർമാണവും പൂർത്തിയായി; അതിവേഗ യാത്ര ജൂൺ മുതൽ
Mail This Article
മുംബൈ ∙ മെട്രോ 3 പാതയുടെ ആദ്യഘട്ടമായ ബികെസി മുതൽ ആരേ കോളനി വരെയുള്ള ഭാഗം ജൂണിൽ തുറന്നേക്കും. കൊളാബയിൽ നിന്നു ബാന്ദ്ര വഴി അന്ധേരി സീപ്സിലേക്കുള്ള ഭൂഗർഭ പാതയാണ് മെട്രോ 3. ഭരണസിരാകേന്ദ്രത്തെയും വ്യാപാര ബിസിനസ് കേന്ദ്രങ്ങളെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന പാതയാണിത്. കടുത്ത ഗതാഗതക്കുരുക്കുള്ള ഇൗ മേഖലയിലെ യാത്ര വേഗത്തിലാക്കാൻ പാത സഹായിക്കും. ആദ്യഘട്ടം തുറന്ന് 6 മാസത്തിനകം രണ്ടാം ഘട്ടവും തുറക്കും. ബാന്ദ്ര–കുർള കോംപ്ലക്സിൽ നിന്ന് ആരേ കോളനി വരെയുള്ള 12 കിലോമീറ്ററാണ് ആദ്യഘട്ടം. 90% നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
സ്റ്റേഷനുകൾ 26
മെട്രോ 3 എന്ന പേരിൽ അറിയപ്പെടുന്ന ഭൂഗർഭ മെട്രോ 33.5 കിലോമീറ്റർ പാതയാണ്. ആകെ 26 സ്റ്റേഷനുകൾ. കഫ് പരേഡ്, വിധാൻ ഭവൻ, ചർച്ച് ഗേറ്റ്, ഹുതാത്മ ചൗക്ക്, സിഎസ്എംടി, ഗിർഗാവ്, ഗ്രാൻഡ് റോഡ്, മുംബൈ സെൻട്രൽ, മഹാലക്ഷ്മി, സയൻസ് മ്യൂസിയം, ആചാര്യ ചൗക്ക്, വർളി, സിദ്ധി വിനായക്, ദാദർ, സീതലാദേവി, ധാരാവി, ബികെസി, വിദ്യാനഗരി, സാന്താക്രൂസ്, ഡൊമസ്റ്റിക് എയർപോർട്ട്, സഹാർ റോഡ്, ഇന്റർനാഷനൽ എയർപോർട്ട്, മാരോൾനാക്ക, എംഐഡിസി, സീപ്സ് എന്നിവയാണ് സ്റ്റേഷനുകൾ.
പ്രവർത്തനച്ചുമതല
ഡിഎംആർസിക്ക്
കൊളാബയിൽ നിന്ന് ബാന്ദ്ര വഴി അന്ധേരി സീപ്സിലേക്കുള്ള ഭൂഗർഭ മെട്രോപാതയുടെ പ്രവർത്തനച്ചുമതല ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) ലിമിറ്റഡിനാണ്.
10 വർഷത്തേക്കാണ് ഇവർക്ക് നടത്തിപ്പിനുള്ള അവകാശം കൈമാറിയിട്ടുള്ളത്. ആദ്യഘട്ടം ഉദ്ഘാടനം ചെയ്തതിന് ശേഷം രണ്ടാം ഘട്ടത്തിൽ ഡ്രൈവറില്ലാത്ത ട്രെയിനുകൾ ഓടിക്കാനും മുംബൈ മെട്രോ റെയിൽ കോർപറേഷൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഡിഎംആർസിക്ക് നടത്തിപ്പ് ചുമതല
കൈമാറിയത്.
17 ലക്ഷം പേർക്ക്
പ്രയോജനം
ബാന്ദ്ര–കുർള കോംപ്ലക്സിൽ നിന്ന് ആരേ കോളനി വരെയുള്ള 12 കിലോമീറ്റർ പാത തുറക്കുന്നതോടെ ദിവസേന 17 ലക്ഷത്തോളം പേർക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ 10 സ്റ്റേഷനുകളെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്.