ADVERTISEMENT

മുംബൈ∙ നഗരത്തിൽ ബെസ്റ്റ് ബസുകളുടെ കുറവുമൂലം യാത്രാക്ലേശം രൂക്ഷം. ബസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ 3000ൽ താഴെ ബെസ്റ്റ് ബസുകളാണ് നഗരത്തിലോടുന്നത്. കഴിഞ്ഞ 15 വർഷത്തിനിടിയിൽ ബസുകളുടെ എണ്ണത്തിൽ  ഏറ്റവും കുറവുണ്ടായ കാലമാണിത്. എത്രയും വേഗം 1000 ബസുകൾ കൂടി നിരത്തിലിറക്കണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബസുകൾ ഓടിക്കാൻ തുടങ്ങുന്നതോടെ യാത്രാക്ലേശം കൂടുതൽ രൂക്ഷമാകുമെന്നും ചൂണ്ടിക്കാണിച്ച് അധികൃതർക്ക് പാസഞ്ചേഴ് അസോസിയേഷൻ നിവേദനം നൽകി.

ശ്രദ്ധ പ്രീമിയം ബസുകളിൽ
വിമാനത്താവളത്തിലേക്കും  മറ്റും ഓടിക്കുന്ന പ്രീമിയം ബസുകളിൽ മാത്രമാണ് ബെസ്റ്റ് അധികൃതർക്ക് ശ്രദ്ധയെന്നും സാധാരണ യാത്രക്കാരെ അവഗണിക്കുകയാണന്നും നഗരവാസികൾ ആരോപിക്കുന്നു. അടൽസേതു വഴിയും നിരക്കു കൂടിയ ബസുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ നഗരത്തിൽ ബസുകളുടെ കുറവ് മൂലം നേരത്തെ നിന്നുപോയ പല റൂട്ടുകളിലും ബസോടിക്കാൻ ഇതു വരെയും ബെസ്റ്റിന് കഴിഞ്ഞിട്ടില്ല. താരതമ്യേന കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാമെന്നത് കൊണ്ടു തന്നെ സാധാരണക്കാരുടെ ആശ്രയമായിരുന്ന ബെസ്റ്റ് ബസുകളുടെ എണ്ണക്കുറവ് നഗരവാസികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

യാത്രക്കാർ 35 ലക്ഷം
നൂറോളം പ്രീമിയം ബസുകളാണ് ബെസ്റ്റിനുള്ളത്. ഇത് 12 റൂട്ടുകളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. ദക്ഷിണ മുംബൈയിൽ നിന്ന് വിമാനത്താവളത്തിലേക്കാണ് ആദ്യം പ്രീമിയം ബസ് സർവീസ് ആരംഭിച്ചത്. പിന്നീട് കൂടുതൽ ബസുകൾ എത്തിയതോടെ റൂട്ടുകളുടെ എണ്ണം കൂട്ടുകയായിരുന്നു. ഏഴായിരം യാത്രക്കാരാണ് പ്രതിദിനം പ്രീമിയം ബസുകളെ ആശ്രയിക്കുന്നത്. എന്നാൽ 35 ലക്ഷത്തോളം ആളുകളാണ് സാധാരണ ബസ് സർ‍വീസിനെ ആശ്രയിക്കുന്നത്.

പ്രതിസന്ധി രൂക്ഷം
കാലപ്പഴക്കം ചെന്ന ബസുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതും നേരത്തെ ഓർഡർ നൽകിയിരിക്കുന്ന ബസുകൾ എത്താൻ കാലതാമുണ്ടായതും മൂലമാണ് ബെസ്റ്റ് വലിയ പ്രതിസന്ധി നേരിടുന്നത്. ഇത് പരിഹരിക്കാൻ ബദൽമാർഗങ്ങൾ സ്വീകരിക്കണമെന്നും സിഎൻജി ബസുകൾ നിരത്തിലിറക്കണമെന്നും ഒരു വിഭാഗം യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com