ADVERTISEMENT

മുംബൈ ∙ ലോക്കൽ ട്രെയിനുകളിൽ വനിതാ യാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നതിനുള്ള നടപടികൾ കൂടുതൽ കാര്യക്ഷമാക്കണമെന്ന് ആവശ്യമുയരുന്നു. അതുപോലെ, ജോലിക്കു പോകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായ സൗകര്യങ്ങൾ കൂട്ടാത്തതും പരാതിക്കിടയാക്കുന്നുണ്ട്. പീഡനശ്രമം, മോഷണം, തിരക്ക്, വൃത്തിഹീനമായ ശുചിമുറി എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് യാത്രയ്ക്കെത്തുന്ന സ്ത്രീകൾ നേരിടുന്നത്. ട്രെയിനിൽ സ്ത്രീകളോട് മോശമായി പെരുമാറിയ പേരിൽ 31 കേസുകളാണ് കഴിഞ്ഞ വർഷം വെസ്റ്റേൺ ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 30 കേസുകളിലും പ്രതികളെ കണ്ടെത്താൻ പൊലീസിനായി. മധ്യറെയിൽവേയിൽ 44 കേസുകളിൽ 43 എണ്ണത്തിലും പ്രതികളെ പിടികൂടി. അതേസമയം, ഇതിന്റെ ഇരട്ടിയിലേറെ വരും റിപ്പോർട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങൾ.

വേണം, മെച്ചപ്പെട്ടശുചിമുറികൾ

പല റെയിൽവേ സ്റ്റേഷനുകളിലും തിരക്കുള്ള പ്ലാറ്റ്ഫോമുകളിൽ ശുചിമുറികളില്ല. ഉള്ള പലതിനും വൃത്തിയുമില്ല. അതിനാൽ പലപ്പോഴും സ്ത്രീകൾ അവ ഉപയോഗിക്കാൻ മടിക്കുകയാണ്. പലരും ഏറെ ശുചിമുറി ഉപയോഗിക്കാതെ യാത്ര ചെയ്യുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും കോച്ചുകളിലും ശുചിമുറിയിലും ശുചിത്വം അനിവാര്യമാണെന്ന് എല്ലാ യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു. ലോക്കൽ ട്രെയിനുകളിലാകട്ടെ ശുചിമുറികളില്ല. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായെങ്കിലും അവ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

വിരാറിൽ നിന്ന് എസി ലോക്കൽ ട്രെയിനിലാണ് ചർച്ച്ഗേറ്റിലെ ഓഫിസിലേക്ക് യാത്ര ചെയ്യുന്നത്. അടുത്തയിടെ ഒരു ശസ്ത്രക്രിയ കഴിഞ്ഞതിനാൽ, തിരക്കു കുറവാകുമെന്നു കരുതിയാണ് എസി ട്രെയിനിലേക്കു മാറിയത്. എന്നാൽ, രാവിലെ 7.50നുള്ള ട്രെയിൻ പിടിക്കാൻ 7.20ന് വിരാർ സ്റ്റേഷനിലെത്തണം. ക്യൂവിൽ നേരത്തേ നിന്നില്ലെങ്കിൽ എസി ട്രെയിനിൽ ഇടം കിട്ടില്ല. പുലർച്ചെ 5.30ന് എണീറ്റ് വീട്ടിലെ ജോലികളെല്ലാം തീർത്ത് ഭക്ഷണം പൊതിഞ്ഞെടുത്താണ് ഓഫിസിലേക്ക് ഇറങ്ങുന്നത്. എന്നിട്ടാണ് ട്രെയിനിൽ സീറ്റ് കിട്ടാനായി 30 മിനിറ്റ് മുൻപ് സ്റ്റേഷനിൽ വന്നു നിൽക്കുന്നത്. 3 സ്റ്റേഷൻ പിന്നിട്ടാൽ കാലുകുത്താൻ പറ്റാത്തവിധം തിരക്കാകും ട്രെയിനിൽ. ഒന്നര മണിക്കൂറോളമുള്ള ദുരിതയാത്ര കഴിഞ്ഞ് ഓഫിസിൽ എത്തുമ്പോൾ തന്നെ മടുക്കും.

മോശം പെരുമാറ്റം തിരക്കുള്ളപ്പോൾ

പലപ്പോഴും തിരക്കുള്ള സമയങ്ങളിലാണ് സ്ത്രീകളോട് മോശമായി പെരുമാറുന്ന സംഭവങ്ങളുണ്ടാകുന്നത്. രാത്രിസമയങ്ങളിൽ സ്ത്രീകളുടെ കോച്ചുകളിൽ ഡ്യൂട്ടിക്കായി പൊലീസിനെ നിയോഗിക്കുന്നുണ്ട് എന്നുള്ളത് മാത്രമാണ് ആശ്വാസം.തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതൽ സേവനങ്ങൾ നൽകാനുള്ള സംവിധാനവും അതിക്രമത്തിൽ നിന്നുള്ള സുരക്ഷയും വേണമെന്നാണു സ്ത്രീയാത്രക്കാരുടെ ആവശ്യം. റെയിൽവേ സ്റ്റേഷനുകളിലും കോച്ചുകളിലും ഇതുണ്ടാകണം. യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും സുഗമവുമാകണമെന്നും അവർ പറയുന്നു. രോഗങ്ങളും അവശതകളും ഉള്ളവർക്ക് പ്രത്യേക ശ്രദ്ധയും ലഭ്യമാക്കണം.

നിരീക്ഷണക്കണ്ണുകളുണ്ട്

വനിതാ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ ലേഡീസ് കോച്ചുകളിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ലോക്കൽ ട്രെയിനിലെ മോട്ടർമാൻ, ഗാർഡ് എന്നിവരുമായി സംസാരിക്കാൻ സൗകര്യമൊരുക്കുന്ന ടോക് ബാക്ക് സംവിധാനം ഉൾപ്പെടെ ലേഡീസ് കോച്ചുകളിൽ ഘടിപ്പിച്ചിരുന്നു. ഇൗ സംവിധാനത്തിലൂടെ സന്ദേശം കൈമാറിയാൽ തൊട്ടടുത്ത് സ്റ്റേഷനിൽ നിന്ന് തന്നെ സുരക്ഷാ ജീവനക്കാരുടെ സഹായം ലഭിക്കുന്ന പദ്ധതിയാണിത്.സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സിസിടിവി ക്യാമറ സംവിധാനം വഴി ലക്ഷ്യമിടുന്നു. കുറ്റവാളികളുടെ വിഡിയോ ലഭിക്കുമെന്നതിനാൽ കേസ് അന്വേഷണത്തിനും അത് ഉപകാരപ്പെടും. അടുത്തയിടെ സ്ഥാപിച്ച സിസിടിവികൾ ദൃശ്യങ്ങളെല്ലാം തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനമുള്ളവയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com