ADVERTISEMENT

മുംബൈ∙ ചൂടു കൂടിയതോടെ മധ്യറെയിൽവേയിലെ എസി ലോക്കൽ ട്രെയിനുകളിലെല്ലാം തിരക്കോട് തിരക്ക്. വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടി എസിയിലേക്ക് കൂടുതൽ യാത്രക്കാർ എത്തുന്നു.  കഴിഞ്ഞ വർഷം എസി ലോക്കൽ ട്രെയിനുകൾ ഉപയോഗിച്ച് പ്രതിദിനം 56 സർവീസുകളാണ് നടത്തിയിരുന്നതെങ്കിൽ ഇപ്പോഴത് 66 ആയി ഉയർത്തി. മധ്യറെയിൽവേ അധികൃതർ നൽകുന്ന കണക്കനുസരിച്ച് ഫ്രെബുവരി, മാർച്ച്, ഏപ്രിൽ തുടങ്ങി ഓരോ മാസവും യാത്രക്കാരുടെ എണ്ണം കൂടുകയാണ്. ചൂട് കടുത്തതോടെ ഏപ്രിലിൽ പ്രതിമാസ പാസുകളുടെ വിൽപനയും കൂടി.

ഹാർബർ ലൈനിനോട് അവഗണന
മധ്യറെയിൽവേ ആദ്യം എസി ട്രെയിനുകൾ ഓടിച്ചത് ഹാർബർ ലൈനിലാണെങ്കിലും പിന്നീട് ഈ ട്രെയിനുകളെല്ലാം മെയിൻ ലൈനിലേക്ക് മാറ്റുകയായിരുന്നു. 2022ൽ എസി ട്രെയിൻ വന്നയുടൻ ഈ റൂട്ടിലൂടെ 16 എസി ട്രെയിൻ സർവീസുകൾ ഓടിച്ചെങ്കിലും ട്രെയിന‍് സമയക്രമം, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് കാര്യമായ പ്രചാരണമോ, ബോധവൽക്കരണമോ നടത്താത്തതിനാൽ യാത്രക്കാരുടെ പ്രതികരണം കുറവായിരുന്നു. 

തുടർന്ന്, ആളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മെയിൻ ലൈനിലേക്ക് സർവീസുകൾ മാറ്റിയത്. പിന്നീട് ടിക്കറ്റ് നിരക്ക് 50 ശതമാനം കുറയ്ക്കുകയും ചെയ്തു. ഇതോടെകൂടുതൽ യാത്രക്കാർ എസി ട്രെയിനിലേക്കു മാറിത്തുടങ്ങി. നിരക്ക് കുറച്ചതിന് ശേഷം ഹാർബർ ലൈനിൽ ഒരു എസി ട്രെയിൻ പോലും സർവീസ് നടത്തുന്നില്ല. പുതിയതായി 10 ട്രെയിനുകൾ കൂടി വന്നപ്പോഴും ഒന്നു പോലും ഈ റൂട്ടിൽ അനുവദിക്കാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട.

അധികമെത്തി; 5 ലക്ഷത്തിലേറെ പേർ
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 13.5 ലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷം ഇത് 19 ലക്ഷമായി ഉയർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ 15 ലക്ഷം യാത്രക്കാരാണ് എസി ട്രെയിനുകൾ ഉപയോഗിച്ചത്. ഈ വർഷം 20 ലക്ഷത്തിന് മുകളിലേക്ക്  ഉയർന്നു. എസി ട്രെയിനുകളോട് ആദ്യം മടിച്ചുനിന്നെങ്കിലും കൂടുതൽ ആളുകൾ ഏറ്റെടുക്കുന്നതിന്റെ സൂചനയാണ് കണക്കുകളിൽ തെളിയുന്നത്. വരും വർഷങ്ങളിൽ കൂടുതൽ എസി ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയും മധ്യറെയിൽവേക്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com