ADVERTISEMENT

മുംബൈ ∙ബിജെപിയും ശിവസേനാ ഷിൻഡെ പക്ഷവും 6 സീറ്റുകളിൽ ഇനിയും ധാരണയാകാത്തത് എൻഡിഎ സഖ്യത്തിന്റെ വിജയസാധ്യതയെ ബാധിക്കുമോയെന്ന് ആശങ്ക. മറുവശത്ത് കോൺഗ്രസ് മുന്നണിയായ മഹാ വികാസ് അഘാഡിയിൽ ഏകോപനക്കുറവ് പ്രകടമെങ്കിലും ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞതു നേട്ടമായി.  മുംബൈ സെൻട്രൽ, മുംബൈ നോർത്ത് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. 

മുംബൈ സൗത്ത്, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, പാൽഘർ, നാസിക്, താനെ സീറ്റുകളിലാണ് ബിജെപിയും ഷിൻഡെ പക്ഷവും തമ്മിലുള്ള പിടിവലിയെത്തുടർന്ന് സ്ഥാനാർഥിപ്രഖ്യാപനം നീളുന്നത്.  അവിഭക്ത ശിവസേന പതിവായി മത്സരിച്ചിരുന്ന മണ്ഡലമായ മുംബൈ സൗത്തിൽ ഉദ്ധവ് വിഭാഗം സിറ്റിങ് എംപി അരവിന്ദ് സാവന്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കിയിട്ടുണ്ട്.  എന്നാൽ, ഷിൻഡെ വിഭാഗവും ബിജെപിയും സീറ്റിനായി തർക്കം തുടരുന്നു. മുംബൈ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ ബിജെപി സിറ്റിങ് എംപി പൂനം മഹാജന് സീറ്റ് നൽകിയിട്ടില്ല.

ബിജെപിക്ക് പകരം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായിട്ടുമില്ല. നോർത്ത് വെസ്റ്റിൽ ശിവസേനാ ഉദ്ധവ് വിഭാഗം സ്ഥാനാർഥിയായി മകൻ അമോൽ കീർത്തിക്കർ മത്സരിക്കവെ, ശിവസേനാ ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള സിറ്റിങ് എംപി ഗജാനൻ കീർത്തിക്കർ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. പകരം സ്ഥാനാർഥിയെ കണ്ടെത്താനായിട്ടില്ല. നടൻ ഗോവിന്ദയെ മത്സരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിജയസാധ്യത കുറവാണെന്ന സൂചനയെത്തുടർന്ന് പ്രഖ്യാപനം നീളുന്നു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ തട്ടകമായ താനെയിൽ ബിജെപി അവകാശവാദം ഉന്നയിച്ചതാണ് തർക്കത്തിനു കാരണം. അവിടെ ഉദ്ധവ് വിഭാഗം സ്ഥാനാർഥി രാജൻ വിചാരെ പ്രചാരണത്തിൽ ഏറെ മുന്നിലാണ്. പാൽഘർ, നാസിക് മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർഥിയുടെ പ്രഖ്യാപനം നീളുന്നു. അതേസമയം, ബിജെപി–ഷിൻഡെ തർക്കം നിലനിന്നിരുന്ന ഒൗറംഗാബാദ് സീറ്റ് ഷിൻഡെ പിടിച്ചെടുത്തു. സംസ്ഥാന മന്ത്രി സന്ദീപൻ ഭൂംറെ മത്സരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com