ADVERTISEMENT

മുംബൈ ∙ നഗരത്തിന്റെ ജീവനാഡിയെന്ന് കരുതുന്ന ലോക്കൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ കോവിഡ്കാലത്തിനു ശേഷം 8 ശതമാനത്തോളം കുറവ്.   കോവിഡിന് മുൻപുണ്ടായിരുന്നയത്ര യാത്രക്കാരിലേക്കെത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

മെട്രോ സർവീസുകൾ ആരംഭിച്ചതും ഒട്ടേറെ കമ്പനികൾ വർക്ക് ഫ്രം ഹോം സംവിധാനം തുടരുന്നതുമാണ് ലോക്കൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടാത്തതിനു കാരണമെന്നാണ് വിലയിരുത്തൽ.   മധ്യറെയിൽവേയിലും പശ്ചിമ റെയിൽവേയിലും യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി.

മെട്രോയിലേക്ക് ചേക്കേറുന്നു
പശ്ചിമ റെയിൽവേയിൽ യാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മെട്രോ ട്രെയിനുകളിലേക്ക് കൂടുതൽപേർ ചേക്കേറുന്നതാണെന്ന് അധികൃതർ പറയുന്നു. മെട്രോ 7, മെട്രോ 2എ, മെട്രോ 1 എന്നിവ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. നേരത്തേ ലോക്കൽ ട്രെയിനിൽ സഞ്ചരിച്ചിരുന്ന പലരും മെട്രോയിലേക്ക് യാത്ര മാറ്റി. കൂടുതൽ സൗകര്യങ്ങൾ മെട്രോ ട്രെയിനിലുള്ളതിനാൽ തന്നെ ഓരോ മാസവും 5 ശതമാനത്തോളം യാത്രക്കാരുടെ വർധന മെട്രോയിൽ രേഖപ്പെടുത്തുന്നുണ്ട്.

പ്രധാന ഓഫിസുകളിൽ നിന്നും വ്യാപാരകേന്ദ്രങ്ങളിൽ നിന്നും മെട്രോ സ്റ്റേഷനുകളിലേക്കുള്ള ബെസ്റ്റ് ബസുകൾ സർവീസ് മെച്ചപ്പെട്ടതും പലരെയും മെട്രോയിലേക്ക് അടുപ്പിച്ചു. വരുംവർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് മെട്രോ പാത വരുന്നതോടെ ലോക്കൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം ഇനിയും കുറഞ്ഞേക്കും. 

സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നവരേറി
സ്വന്തം വാഹനത്തിൽ ഓഫിസിലേക്ക് പോകുന്നവരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ കൂടിയിട്ടുണ്ട്.  കോവിഡ് കാലത്തു പലരും സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇത് ശീലമായതും ലോക്കൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി. ഒരേ മേഖലയിലെ ഓഫിസുകളിൽ ജോലി ചെയ്യുന്ന മൂന്നോ, നാലോ പേർ ചേർന്ന് ഒരു കാറിൽ പോയിവരുന്ന ശീലവും വർധിച്ചിട്ടുണ്ട്. ഇന്ധനച്ചെലവ് എല്ലാവരും ചേർന്ന് പങ്കുവയ്ക്കുകയാണ് ചെയ്യുക. 

യാത്രക്കാരെ തിരിച്ചുപിടിക്കാൻ എസി സർവീസ് കൂട്ടി
എസി ട്രെയിൻ സർവീസ് വർധിപ്പിച്ചും ലോക്കൽ സ്റ്റേഷനുകളിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും യാത്രക്കാരെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മധ്യ റെയിൽവേയും പശ്ചിമ റെയിൽവേയും. കൂടുതൽ എസി ട്രെയിനുകൾ എത്തിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കനത്ത ചൂടിനെത്തുടർന്ന് ഏപ്രിൽ മാസത്തിൽ എസി ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിങ് കൂടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com